സിനിമാ നടന്മാരായ അജിത്തിനും നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്കും പത്മഭൂഷണ്‍ പുരസ്‌കാരം. ഇവര്‍ക്കുപുറമേ നടിയും നര്‍ത്തകിയുമായ ശോഭന, നടന്‍ അനന്ത് നാഗ്, സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവരെയും പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ അജിത്ത് വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. പത്മ അവാര്‍ഡ് ലഭിക്കുന്നതില്‍ ഏറെ ആദരവും സന്തോഷവും നല്‍കുന്നതാണെന്ന് അജിത്ത് പറയുന്നു. ആ മഹത്തായ അംഗീകാരത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന നന്ദി വിനയപൂര്‍വം അറിയിക്കുന്നു. നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടത് ഞാന്‍ ഭാഗ്യമായി കരുതുന്നു.
ഈ അംഗീകാരം വ്യക്തിപരമായ എന്റെ മാത്രം ഉടമസ്ഥതയിലല്ല. ഇതിനു പിന്നിലെ അനേകരുടെ കഠിന പ്രയത്നവും അതിന്റെ ഭാഗമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും, ചലച്ചിത്ര മേഖലയുടെ മുന്‍ഗാമികള്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, മറ്റെല്ലാവര്‍ക്കും എന്റെ നന്ദി. നിങ്ങളുടെ പ്രോത്സാഹനം, സഹകരണം, പിന്തുണ എന്നിവ എന്റെ യാത്രയില്‍ സഹായകമായതോടൊപ്പം, എന്റെ മറ്റ് താല്‍പര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളുടെ പ്രചോദനവും സഹകരണവും പിന്തുണയും എന്റെ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നടന്‍ കുറിച്ചു.
നടന്‍ നന്ദമുരി ബാലകൃഷ്ണയ്ക്ക് അഭിനന്ദനപ്രവാഹം. എസ്.എസ്. രാജമൗലി അടക്കമുള്ള സിനിമാ പ്രവര്‍ത്തകരും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും നന്ദമുരി ബാലകൃഷ്ണയെ അഭിനന്ദിച്ചു..ഇന്ത്യന്‍ സിനിമയിലെ താങ്കളുടെ യാത്ര തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നായിരുന്നു എസ്.എസ്. രാജമൗലി എക്സില്‍ കുറിച്ചത്. പദ്മഭൂഷണ്‍ ലഭിച്ച തമിഴ് നടന്‍ അജിത്തിനെയും അദ്ദേഹം എക്സിലൂടെ ആശംസകളറിയിച്ചു. ബാലാ ബാബയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളെന്നാണ് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍. സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.വെങ്കടേഷ് അടക്കമുള്ള മറ്റുതാരങ്ങളും സിനിമാപ്രവര്‍ത്തകരും ബാലയ്യയെ അഭിനന്ദിച്ചു..