ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ആരാധകരുടെ ചോദ്യങ്ങള്‍ക്കും വിരാമമിട്ട് മിനിസ്‌ക്രീന്‍ താരവും ബിഗ് ബോസ് സീസണ്‍ 7 വിജയിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറാണ് വരന്‍. നടനും മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ് ഭുവനേശ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ താരം രഹസ്യമായി സൂക്ഷിച്ചിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അനുമോളുടെയും ഭുവനേഷിന്റെയും വിശേഷങ്ങള്‍ സുഹൃത്തുക്കള്‍ പങ്കുവെച്ചു.
''അനുവിന്റെ സന്തോഷവും എക്സൈറ്റ്മെന്റുമൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്കും വളരെയധികം സന്തോഷമുണ്ട്. ഇരുവര്‍ക്കുമൊപ്പം ഒരുമിച്ച് ഞങ്ങള്‍ പുറത്ത് പോയിട്ടുണ്ട്. രണ്ട് പേരും നല്ല ഹാപ്പിയാണ്, അവര്‍ക്ക് കണ്ണൊന്നും തട്ടാതിരിക്കട്ടെ. കല്യാണം കഴിക്കണമെന്ന് അനു ഒരുപാട് ആഗ്രഹിച്ചതാണ്, നല്ല പ്ലാനിംഗോടെയാണ് അനു മുന്നോട്ടു പോയത്. അനുവിനെ ശരിക്കും സമ്മതിക്കണം, അവള്‍ ശരിക്കും അത്രയും ശക്തയായ പെണ്‍കുട്ടിയാണ്. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എല്ലാം ഓടി നടന്നു ചെയ്തത് അനു ഒറ്റയ്ക്കാണ്. വലിയ സപ്പോര്‍ട്ടിന് അങ്ങനെ ആരും ഉണ്ടായിരുന്നില്ല.
അതൊക്കെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇത്രയും വലിയ പരിപാടിയൊക്കെ കൈകാര്യം ചെയ്ത്, അതെല്ലാം നടത്തിയെടുക്കുക എന്നാല്‍ വളരെയധികം സ്‌ട്രെസ് ഉള്ള കാര്യമാണ്. പക്ഷേ അനു അവളുടെ ജീവിതം പൊരുതി നേടിയെടുത്തു'', എന്നാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആദിലയും നൂറയും പറഞ്ഞത്.