ശ്രദ്ധേയനായ പിന്നണി ഗായകന്‍ നരേഷ് അയ്യരുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ നിറയുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള നരേഷ് അയ്യര്‍ മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ വച്ച് വിവാഹിതനായിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്. നരേഷ് അയ്യരുടെ വിവാഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടുള്ളതാണ് ക്ഷേത്രത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ത്യന്‍ പിന്നണി ഗായകന്‍ ശ്രീ നരേഷ് അയ്യര്‍ക്ക് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ മനോഹരമായ പുതിയ അധ്യായം ഞങ്ങളുടെ ക്ഷേത്രത്തില്‍ തുടക്കം കുറിച്ചതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ട്. ഈശ്വരന്റെ അനുഗ്രഹം, നവദമ്പതികള്‍ക്ക് സ്‌നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതവും ഉണ്ടാകട്ടെ സമ്മാനിക്കട്ടെ. അവര്‍ക്ക് അനുഗ്രഹീതവും സന്തോഷകരവുമായ ദാമ്പത്യജീവിതം ആശംസിക്കുന്നു!,' എന്നിങ്ങനെയാണ് ക്ഷേത്രത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
എന്നാല്‍ നരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. അയ്യപ്പ വിഷ്ണു ക്ഷേത്രത്തിന്റെ ആശംസാ പോസ്റ്റ് ആരാധകരുടെയും സംഗീതപ്രേമികളുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. നവദമ്പതികള്‍ക്ക് അനുഗ്രഹീതവും സന്തോഷപൂര്‍ണവുമായ വിവാഹജീവിതം ആശംസിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിക്കുന്നത്.
2006 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ 'രംഗ് ദേ ബസന്തി'യിലെ 'രൂബരൂ...' എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരവും പുതുമുഖ ഗായകനുള്ള ആര്‍.ഡി. ബര്‍മ്മന്‍ ഫിലിംഫെയര്‍ പുരസ്‌കാരവും നരേഷ് നേടിയിട്ടുണ്ട്.
പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രധാന വേഷത്തിലെത്തിയ 'അന്‍വറി'ലെ 'കണ്ണിനിമ നീളെ...' എന്ന ഒരു പാട്ടു മതി മലയാളികള്‍ക്ക് നരേഷിനെ ഓര്‍ക്കാന്‍. 'മേല്‍ മേല്‍...' (ഉസ്താദ് ഹോട്ടല്‍), 'സ്വപ്നം...' (സെക്കന്‍ണ്ട് ഷോ), 'നിനവേ... നിനവേ...' (ടീന്‍സ്), 'മഞ്ഞില്‍ മുങ്ങിപ്പൊങ്ങും...' (പ്രണയകഥ), എന്നിവയാണ് മലയാളത്തിലുള്ള നരേഷിന്റെ ശ്രദ്ധേയമായ പാട്ടുകള്‍.