ടെലിവിഷന്‍ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. തന്റെ വിശേഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രനൊപ്പം ശ്രീവിദ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് തനിക്ക് കാണാന്‍ ഭയമുള്ള, അല്ലെങ്കില്‍ ഇനിയൊരിക്കല്‍ കൂടി കാണാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സിനിമകളെക്കുറിച്ച് ശ്രീവിദ്യ പങ്കുവെച്ച വാക്കുകളാണ്.
മലയാളികള്‍ ഹൃദയത്തിലേറ്റിയ പല ചിത്രങ്ങളും കാണാന്‍ തനിക്ക് മാനസികമായി പ്രയാസമുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ 'പത്തേമാരി' ആണ് ഈ പട്ടികയില്‍ ഒന്നാമത്. സിനിമയുടെ പ്രമേയം എന്താണെന്ന് അറിയാമെങ്കിലും തന്റെ അച്ഛന്‍ പ്രവാസിയായതിനാല്‍ ആ ചിത്രം കാണാനുള്ള ധൈര്യം ഇതുവരെ വന്നിട്ടില്ലെന്ന് താരം പറയുന്നു. 'മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും ഞാന്‍ ഇതുവരെ കാണാത്ത സിനിമയാണ് പത്തേമാരി. എന്റെ അച്ഛന്‍ ഗള്‍ഫിലായതുകൊണ്ട് ആ സിനിമ കാണാനുള്ള ത്രാണി എനിക്കില്ല.' - ശ്രീവിദ്യ വ്‌ളോഗില്‍ വ്യക്തമാക്കി.
മലയാളികളെ ഒന്നടങ്കം കരയിപ്പിച്ച 'ആകാശദൂത്' എന്ന ചിത്രത്തെക്കുറിച്ചും ശ്രീവിദ്യ വാചാലയായി. ചിത്രത്തിന്റെ രണ്ടാം പകുതി കഴിഞ്ഞാല്‍ പിന്നെ കാണുക എന്നത് പലര്‍ക്കും അസാധ്യമായ കാര്യമാണ്. അടുത്തിടെ കണ്ട 'സൗദി വെള്ളക്ക' എന്ന ചിത്രവും തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും, ആ സിനിമ കണ്ടുകഴിഞ്ഞാല്‍ രണ്ടു ദിവസത്തേക്ക് മനസ്സിന് ഭയങ്കര ഭാരമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശ്രീവിദ്യയുടെ ഈ സങ്കടപ്പട്ടികയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് 'വാഴ 2'. ചിത്രത്തിന്റെ രണ്ടാം പകുതി നല്‍കുന്ന വൈകാരികത തനിക്ക് താങ്ങാനാവില്ലെന്നും ഇനിയൊരിക്കല്‍ കൂടി അത് കാണാന്‍ തനിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.