Latest News

അമേരിക്കന്‍ സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കുമായി ഒരു വര്‍ഷത്തെ ഫീസ് 86 ലക്ഷം; രണ്ടു വര്‍ഷമായി കുട്ടികള്‍ക്ക് യാതൊരു ആനുകൂല്യവുമില്ല; ഭക്ഷണത്തിന് പോലും പൈസ കൊടുത്തിട്ടില്ല; ആര്‍തി കുടുംബത്തിനു വേണ്ടിയാണ് പോരാടുന്നത്; ഒരു രാത്രിയിലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്; കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍

Malayalilife
അമേരിക്കന്‍ സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കുമായി ഒരു വര്‍ഷത്തെ ഫീസ് 86 ലക്ഷം; രണ്ടു വര്‍ഷമായി കുട്ടികള്‍ക്ക് യാതൊരു ആനുകൂല്യവുമില്ല; ഭക്ഷണത്തിന് പോലും പൈസ കൊടുത്തിട്ടില്ല; ആര്‍തി കുടുംബത്തിനു വേണ്ടിയാണ് പോരാടുന്നത്; ഒരു രാത്രിയിലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്; കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍

നടന്‍ രവിമോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസില്‍ 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെ ആരതിക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജയം രവി ആരതിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മക്കളെ കാണാന്‍ അനുവദിക്കാതിരുന്നിട്ടില്ലെന്നും സുജാത വിജയകുമാര്‍ പറയുന്നു.കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ജീവിതച്ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള തുകയാണോ കോടതി ആവശ്യപ്പെട്ടതെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും, രവിയുടെ മുന്‍കാമുകിയെയും പേരെടുത്തു പറയാതെ അവര്‍ കുറ്റപ്പെടുത്തി. 

കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടികള്‍ക്ക് യാതൊരു ചെലവും നല്‍കിയിട്ടില്ലെന്നും, രവിയുടെ കടബാധ്യത കാരണം വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് വരെ വന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും, നിര്‍ബന്ധമായും ഒരു ഹീലറുടെ സാന്നിധ്യത്തില്‍ വെച്ച് കാണണം എന്നതുകൊണ്ടാണ് കുട്ടികള്‍ പോകാതിരുന്നതെന്നും, എന്നാല്‍ മാസം രണ്ടുദിവസം കുട്ടികള്‍ക്ക് പരസ്പരം കാണണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സുജാത വ്യക്തമാക്കി.
  

രവിയുമായി നടക്കുന്ന പ്രശ്‌നങ്ങളില്‍ കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ നിയമപരമായി, അത് കോടതിയുടെ വിഷയമാണ്. മൂന്ന് ദിവസം മുന്‍പ് നിരവധി പേജുകളുള്ള ഒരു വിധി വന്നിട്ടുണ്ട്. അത് കോടതി അലക്ഷ്യമാകും എന്നതുകൊണ്ട് പൊതുസമക്ഷത്തില്‍ വയ്ക്കാന്‍ കഴിയില്ല. എങ്കിലും ചില കാര്യങ്ങള്‍ വ്യക്തമാക്കാം. 40 ലക്ഷം രൂപ ആര്‍തി ചോദിച്ചു എന്നു പറഞ്ഞ് പലരും സംസാരിക്കുന്നുണ്ട്. എന്നിട്ട് കിട്ടിയത് 3 ലക്ഷമെന്നും പറയുന്നു. 40 ലക്ഷമൊക്കെ ഒരാളോട് എങ്ങനെ ചോദിക്കാന്‍ തോന്നിയെന്നു വിമര്‍ശിക്കുന്നവരുമുണ്ട്. കോടതിയോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്. പത്ത് പേജുളള വിധിന്യായമാണ് കോടതി ഉത്തരവിലുള്ളത്. യഥാര്‍ഥത്തിലുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ലായിരുന്നു.

സത്യത്തില്‍ ഞങ്ങള്‍ ചോദിച്ചത് പ്രതിമാസം 40 ലക്ഷമല്ല, മൊത്തത്തിലുള്ള ജീവിതച്ചെലവാണ്. അത് എല്ലാവര്‍ക്കും വലിയൊരു തുകയാണ്. എന്നാല്‍ ഞങ്ങളുടെ തലയില്‍ ഒരുപാട് കടങ്ങളുണ്ട്, അവര്‍ വരുത്തിവച്ചുപോയ കടങ്ങള്‍! രണ്ടു വര്‍ഷമായി കുട്ടികള്‍ക്ക് യാതൊരു ആനുകൂല്യവുമില്ല, ഭക്ഷണത്തിന് പോലും  പൈസ കൊടുത്തിട്ടില്ല. 

അവരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ സ്വന്തം കുട്ടികളുടെ കാര്യം നോക്കേണ്ടത് അവരുടെ അച്ഛന്‍ തന്നെയാണ്. കുട്ടികളുടെ സ്‌കൂള്‍ ഫീസ് നല്‍കിയിട്ടില്ല, ഭക്ഷണത്തിനോ ട്യൂഷന്‍ ഫീസിനോ പൈസ നല്‍കിയിട്ടില്ല. അതുമാത്രമല്ല, അവര്‍ വീട്ടാതെ പോയ കടങ്ങള്‍ കാരണം ബാങ്കില്‍ നിന്ന് വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് വരെ അയച്ചു. ഒരു മാതാപിതാക്കളും ഇത് കാണാന്‍ ഇടവരരുത്.

അമേരിക്കന്‍ സ്‌കൂളിലാണ് അവര്‍ ഒന്നാം ക്ലാസ് മുതല്‍ പഠിക്കുന്നത്. ഞങ്ങളല്ല അവരെ അവിടെ ചേര്‍ത്തത്. രണ്ട് കുട്ടികള്‍ക്കുമായി ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ് 86 ലക്ഷം രൂപയാണ്. വിധിയിലെ കണക്കുകള്‍ പറയുകയാണെങ്കില്‍, ഈ ഫീസ് ആയ 86 ലക്ഷം രൂപ രണ്ടുപേരും ചേര്‍ന്നു നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് പുറത്തുവന്നിട്ടില്ല. 

അതുപോലെ ആര്‍തിക്ക് 3 ലക്ഷം, ആരവിന് 1 ലക്ഷം, അയാന് 1 ലക്ഷം എന്നിങ്ങനെ മാസത്തില്‍ 5 ലക്ഷം രൂപ നല്‍കണമെന്നും വന്നിട്ടുണ്ട്. ഇതുമാത്രമല്ല, അവരുടെ ട്യൂഷന്‍ ഫീസ്, കരാട്ടെ, ഡാന്‍സ്, ചെസ്സ് തുടങ്ങി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫീസും നല്‍കണമെന്ന് വിധിയിലുണ്ട്. ഇതെല്ലാം ചേര്‍ത്തുവച്ച് നോക്കുമ്പോഴാണ് ഈ തുക വരുന്നത് അല്ലാതെ, ആര്‍തി തനിയെ 40 ലക്ഷം ചോദിച്ചു എന്നത് കള്ളമാണ്.

'കുട്ടികളെ കാണാന്‍ വരണം' എന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം വിസിറ്റേഷന്‍ ഹര്‍ജി നല്‍കിയത് ആര്‍തിയാണ്. കാരണം കുട്ടികളെ അച്ഛന്‍ വന്നു കാണണം എന്ന് കരുതിയിട്ടാണ്. ഇപ്പോള്‍ വന്ന 10 പേജുള്ള വിധിയില്‍ ആര്‍തി, ആരവ്, അയാന്‍, ജയം രവി ഇവര്‍ നാലുപേരും മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാണണം എന്ന് വിധി വന്നിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ന്യായം. ആ ജഡ്ജിയോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരെ തമ്മില്‍ കണ്ടുമുട്ടിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല. ഇപ്പോള്‍ കോടതി വഴി അതിനൊരു സാധ്യത തുറന്നിരിക്കുന്നു.

എന്തുകൊണ്ട് ഇത്രയും നാള്‍ ഈ കൂടിക്കാഴ്ച നടക്കാതിരുന്നെന്ന് ചിന്തിക്കുന്നവരുണ്ടാകും. കുട്ടികള്‍ക്ക് ഒരു ഹീലറുടെ (കെനീഷ) അടുക്കല്‍ പോയി നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നു. നിര്‍ബന്ധമായും അവിടെവെച്ച് തന്നെ കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് കുട്ടികള്‍ അങ്ങോട്ട് പോകാതിരുന്നത്, അല്ലാതെ, ഞങ്ങള്‍ ആരും തടഞ്ഞിട്ടില്ല. 
         
ഇപ്പോള്‍ കോടതി തന്നെ വിധിച്ചിരിക്കുന്നു കുടുംബത്തോടെ തന്നെ കാണണമെന്ന്. കുട്ടികള്‍ അവരുടെ മുത്തച്ഛനെയും മുത്തശ്ശിയെയുമൊക്കെ കാണുന്നത് ഒരുപാട് ഇഷ്ടമാണ്. അതും വേണ്ട മറ്റൊരു പൊതുവിടത്തില്‍ നിങ്ങള്‍ക്ക് വന്ന് കുട്ടികളെ കാണാമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ അവര്‍ക്ക് അവിടെ തന്നെ കുട്ടികളെ കൊണ്ടുവരണം. ആ പിടിവാശികൊണ്ടാണ് ആര്‍തിയുടെ വിസിറ്റേഷന്‍ ഹര്‍ജി പുറത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
  
ഈ മാസം മുതല്‍ നാലുപേരും അദ്ദേഹത്തിന്റെ ഓഫിസിലോ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്തോ വച്ച് പരസ്പര ധാരണയില്‍ കാണും. ഇതോടെയെങ്കിലും ഇവര്‍ക്കുള്ളിലെ ഈ പ്രശ്‌നം തീരുമെന്നാണ് കരുതുന്നത്. ഒരു അമ്മയും അവളുടെ മകളുടെ ജീവിതം തകര്‍ന്നുകാണാന്‍ ആഗ്രഹിക്കില്ല.
        
ഞങ്ങള്‍ കള്ളത്തരം കാണിച്ചല്ല വിവാഹം നടത്തിയത്, നാടൊട്ടുക്കും ആളുകളെ കൂട്ടി ആഘോഷമായാണ് കല്യാണം നടത്തിയത്. അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങള്‍ എന്തിനാണ് അവരെ വേര്‍പിരിക്കാന്‍ നോക്കുന്നത്? എന്റെ മകള്‍ സമ്പാദിക്കുന്നതൊക്കെ വിടുവിച്ച് ഞങ്ങള്‍ എന്തെങ്കിലും നേടാം എന്നൊന്നും ഇവിടെയില്ല. മൈലാപ്പൂരില്‍ രണ്ടേക്കറുള്ള കല്‍പന ഹൗസ് എന്ന കുടുംബവീട്ടില്‍ ജനിച്ചവളാണ് ആര്‍തി. പണം ആഗ്രഹിച്ചല്ല അവള്‍ നില്‍ക്കുന്നത്.
         
ഒരു അമ്മയായും പ്രൊഡ്യൂസറായും ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. കോടികള്‍ മുടക്കി  സിനിമകള്‍ നിര്‍മിച്ചു. ആരുടെയും സ്വത്ത് എടുത്തിട്ടില്ല. എന്റെ പൈസയും ഫിനാന്‍സും എടുത്ത് മൂന്നു പടം ചെയ്തു. അതില്‍ നിന്ന് ജയം രവിക്ക് മുന്‍പ് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. നിരവധി സീരിയലുകള്‍ നിര്‍മിച്ചു. ഒരാള്‍ക്കും മറ്റൊരാളുടെ സ്വത്ത് അങ്ങനെ തട്ടിയെടുക്കാന്‍ സാധിക്കില്ല, അത് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. ഇവര്‍ തന്നെ എന്നെ അമ്മ എന്നാണ് മുന്‍പ് പല അഭിമുഖങ്ങളിലും വിശേഷിപ്പിച്ചിരുന്നത്. അവര്‍ക്ക് സ്വന്തമായൊരു വീടില്ലെന്ന് പറയുന്നു. ഇവിടെ തന്നെ സ്വന്തമായി രണ്ട് വീടുണ്ട്.
        
ഗോവയില്‍ ഇപ്പോള്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് പുതിയൊരു വീട് മേടിച്ചിട്ടുണ്ട്. എന്നിട്ടും എന്തിന് വാടകയ്ക്ക് താമസിക്കുന്നു. നിങ്ങളെ ഞങ്ങള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ആരാണ് നിങ്ങളെ തടയുന്നത്.രണ്ടു വര്‍ഷം ആ കുട്ടികള്‍ കടന്നുപോയ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. അവര്‍ അനുഭവിച്ചത് ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്. കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു. നെഞ്ചില്‍ കൈവച്ച് ഒരിക്കല്‍ കൂടി അങ്ങനെ പറയാന്‍ പറ്റുമോ? ദൈവം സത്യം ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. 

ഞങ്ങള്‍ ബ്ലാക് മാജിക് ചെയ്‌തെന്നു പറയുന്നു. പതിനഞ്ച് വര്‍ഷം രക്തം ഛര്‍ദിച്ച് ഒരാള്‍ക്ക് ജീവനോടെ ഇരിക്കാന്‍ കഴിയും. ഇന്നത്തെ കാലത്ത് ബ്ലാക് മാജിക്കിലൊക്കെ ആളുകള്‍ വിശ്വസിക്കുന്നുണ്ടോ എന്നുപോലും എനിക്കറിയില്ല. യഥാര്‍ഥത്തില്‍ ആരാണ് ബ്ലാക് മാജിക് ചെയ്തതെന്ന് കഴിഞ്ഞ മാസം അറിയാന്‍ കഴിഞ്ഞു. അങ്ങനെ ബ്ലാക് മാജിക് ചെയ്ത് ഞങ്ങള്‍ അയാളെ നിയന്ത്രണത്തിലാക്കിയിരുന്നു എന്നു തന്നെ വിചാരിക്കുക, അയാള്‍ ഹീറോയായിരുന്നു. തമിഴ് സിനിമയുടെ നെറുകയിലായിരുന്നു. സ്‌നേഹമുള്ള അച്ഛനായിരുന്നു, ദയയുള്ള ഭര്‍ത്താവായിരുന്നു. ഞങ്ങള്‍ക്കൊരു മകനെപ്പോലെയായിരുന്നു.
         
അങ്ങനെ ഇരുന്ന ആള്‍ ഇന്ന് ഏത് അവസ്ഥയിലെത്തി. പേര് മാറ്റി, സ്ഥലം മാറ്റി. എന്തുകൊണ്ട് അയാള്‍ തമിഴ്‌നാട്ടില്‍ വീട് മേടിക്കുന്നില്ല. തമിഴ്‌നാട്ടില്‍ വീട് വാങ്ങാതെ എന്തുകൊണ്ടാണ് ഗോവയില്‍ വീട് വാങ്ങുന്നത്? 
        
 ആര്‍തി അവളുടെ കുടുംബത്തിനു വേണ്ടിയാണ് പോരാടുന്നത്. ഒരു രാത്രിയിലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. ഒരു ഹീലറിനു വേണ്ടി അവളുടെ ജീവിതം വിട്ടുകൊടുക്കാന്‍ പോകുന്നില്ല. അതില്‍ ഒരു തെറ്റുമില്ല, എന്റെ മകള്‍ ഡിവോഴ്‌സ് ചോദിച്ചിട്ടില്ല, ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം എന്നാണ് ആര്‍തി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒന്നിച്ച് കുടുംബമായി ജീവിക്കണം എന്ന് തന്നെയാണ് അവള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവള്‍ വാ തുറക്കാതെ ഇരിക്കുന്നത്. അങ്ങനെ വാ തുറന്നാല്‍ എല്ലാം നാശമാകും.
        
പൊതുവഴിയില്‍ നിങ്ങളുടെ ഭാര്യയെ തള്ളിപ്പറഞ്ഞ്, ഒരു ഹീലറിനു വേണ്ടി സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന അവരുടെ കുട്ടികളുടെ അവസ്ഥ  ഒന്ന് ആലോചിച്ച് നോക്കൂ. സ്‌കൂളില്‍ പോകുമ്പോള്‍ അവര്‍ നേരിടേണ്ടി വരുന്ന അപമാനം ആലോചിച്ച് നോക്കൂ.
         
ഡിവോഴ്‌സില്‍ അവള്‍ ഒപ്പിടില്ല, അയാള്‍ തിരിച്ചുവരുമെന്ന് ഓര്‍ത്ത് കാത്തിരിക്കുകയാണ്. മൂന്ന് വര്‍ഷം പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണ് അവര്‍. അങ്ങനെയുള്ള ആളാണ് ഒരു രാത്രി പെട്ടന്ന് ഇറങ്ങിപ്പോകുന്നത്. അവളുടെ മേലെയുള്ള എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണ്. ഇല്ലെങ്കില്‍ അവര്‍ തെളിയിക്കട്ടെ. ഒരാളിനു വേണ്ടി മൂന്ന് കുടുംബത്തെയാണ് പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യരാക്കിയത്. 

 സ്വത്ത് തട്ടിയെടുത്തു, മാനസികമായി ഉപദ്രവിച്ചു, ബ്ലാക് മാജിക് ചെയ്തു അങ്ങനെ എന്തൊക്കെ ആരോപണങ്ങള്‍! ഇതെല്ലാം തെളിയിക്കൂ. എന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് എത്ര ചെക്കുകള്‍ ജയം രവിക്കു പോയിട്ടുണ്ടെന്ന് കാണിച്ചു തരാം. 25000 രൂപ ഞങ്ങള്‍ക്കു നല്‍കിയെന്നു പറയുന്നു, 25 കോടിയാണ് ഞങ്ങള്‍ അയാള്‍ക്കു കൊടുത്തിട്ടുള്ളത്. ഞാന്‍ നിര്‍മിച്ച സിനിമകളില്‍ മറ്റ് നിര്‍മാതാക്കള്‍ നല്‍കിയിരുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് ജയം രവിക്കു നല്‍കിയിരുന്നത്. ആറ് കോടിയാണങ്കില്‍ എട്ട് കോടി കൊടുക്കും. എട്ട് ആണെങ്കില്‍ പത്ത് കോടി. ഇല്ലെന്ന് അദ്ദേഹം പറയട്ടെ. 
         
അടുത്ത സിനിമയ്ക്കു വേണ്ടി അഞ്ചു കോടിയും മേടിച്ചിരുന്നു.അതിനിടെയാണ് രവി വീടു വിട്ടു പോകുന്നത്. പണമല്ലല്ലോ എല്ലാത്തിനും പ്രധാനം. മൈലാപ്പൂരിലെ രണ്ട് ഏക്കറില്‍ 'കല്‍പന ഹൗസ്' എന്ന പേരില്‍ ഒരു വീട് ഉണ്ട്. ഇതുവരെ ആയിരത്തോളം സിനിമയുടെ ചിത്രീകരണം അവിടെ നടന്നിട്ടുണ്ട്. പണത്തിനുവേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. സ്വന്തം അച്ഛനെ കാണണമെന്ന് 17 വയസ്സുള്ള കുട്ടിയും വിചാരിക്കണ്ടേ. ഒന്‍പത് വയസ്സുള്ളപ്പോള്‍ അയാള്‍ അവനെ വിട്ടുപോയതാണ്.
         
  കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രിയുടെ മകന്‍ സഞ്ജയ്യുടെ അഭിമുഖം കാണാനിടയായി. അത് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. സിനിമ അവന്റെ മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് ആ വാക്കുകളിലൂടെ നമുക്ക് അറിയാം. ആറാം വയസ്സില്‍ ആരവ് 'ടിക്ക് ടിക്ക് ടിക്ക്' എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. അന്നു തൊട്ട് ഇന്നുവരെ അവനൊരു ചിന്ത മാത്രമേ ഒള്ളൂ, സിനിമയില്‍ അഭിനയിക്കണം നായകനാകണം. 
       
ഈ വര്‍ഷം അവന് പതിനേഴ് വയസ്സാകും. ലണ്ടനില്‍ ഒരു കോഴ്‌സ് പഠിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. അതിനുള്ള ഫീസും ഞങ്ങള്‍ അടച്ചു. പോകുന്നതിനു നാളുകള്‍ക്കു മുമ്പാണ് അറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കിയിട്ടില്ലെന്ന കാര്യം. മൈനറായതുകൊണ്ട് അച്ഛനും അമ്മയും പാസ്‌പോര്‍ട്ടില്‍ ഒപ്പിടണമായിരുന്നു. അപ്പയെ വിളിച്ചു, 'ഒപ്പിട്ടു തരാം, ഇപ്പോള്‍ സ്ഥലത്തില്ല ഉടന്‍ വരാമെന്നു' ജയം രവി പറഞ്ഞു.

രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെ ആ 17 വയസ്സുകാരന്‍ കുട്ടി ഭക്ഷണം പോലും കഴിക്കാതെ പാസ്‌പോര്‍ട്ട് ഓഫിസില്‍ കാത്തിരുന്നു. 'ലൊക്കേഷന്‍ അയയ്ക്ക്, ഇപ്പോള്‍ വരാ'മെന്നു പറഞ്ഞ ആള്‍ ഒടുവില്‍ ഞാന്‍ ഒപ്പിടില്ല, എന്നെ എടിഎം ആയി കണ്ടോ എന്നൊക്കെ മെസ്സേജ് അയയ്ക്കുകയാണുണ്ടായത്. ആരോ എഴുതികൊടുക്കുന്ന തിരക്കഥയും ഡയലോഗും പുറത്തു വന്ന് ലിപ്പ് സിങ്ക് ചെയ്ത് പുറത്തുവിടുകയാണ് അയാള്‍ ചെയ്യുന്നത്. 

ഒരു കുടുംബപ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് രണ്ടുപേര്‍ക്ക് ഇടയിലുള്ളതാണ്, അതിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കരുത്. ഒടുവില്‍ ഞങ്ങള്‍ക്ക് കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കേണ്ടി വന്നു. ക്യാമറയ്ക്ക് മുന്നില്‍ വന്ന് എന്റെ മക്കള്‍ എന്ന് പറയുന്നതുകൊണ്ട് എന്താണ് ലാഭം

 നമ്മുടെ ഇന്‍ഡസ്ട്രിയില്‍ എത്രയോപേര്‍ പരസ്പര ധാരണയോടെ പിരിഞ്ഞ് കുട്ടികളെ നന്നായി വളര്‍ത്തുന്നുണ്ട്. വിജയ് സാറിന്റെ മകന്‍ സഞ്ജയ് അച്ഛനെക്കുറിച്ച് അഭിമാനത്തോടെ  സംസാരിച്ചതുപോലെ നിങ്ങളുടെ മക്കളും നിങ്ങളെക്കുറിച്ച് നല്ലത് പറയണ്ടേ?  എനിക്ക് മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ; ഇതില്‍ നിന്ന് ഏതെങ്കിലും രണ്ടു വാക്കുകള്‍ മാത്രം വേര്‍തിരിച്ചെടുത്ത് തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കരുത്. ആര്‍തിയെ നിങ്ങളുടെ വീട്ടിലെ ഒരു പെണ്‍കുട്ടിയായും ആ കുട്ടികളെ നിങ്ങളുടെ സ്വന്തം വീട്ടിലെ കുട്ടികളായും കണ്ട് ഈ വിഷയത്തിന് ഇവിടെയൊരു അവസാനമുണ്ടാക്കാന്‍ സഹായിക്കണം.'ഇതായിരുന്നു സുജാതയുടെ പ്രതികരണം
         
          
           
            
           


         


        
    
        
    


        

Aartis mother Sujatha Vijayakumar reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES