പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് രേഖ. താരം ഇപ്പോള്‍ നടത്തിയ ഒരു അഭിമുഖം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന്‍ എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അഭിമുഖത്തിന് പിന്നാലെ കമലിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. 2019 മെയ് മാസത്തില്‍ ആണ് താരത്തിന്റെ ഈ അഭിമുഖം പുറത്ത് ഇറങ്ങിയിരുന്നെങ്കിലും ഏറെ ശ്രദ്ധ നേടിയത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലായിരുന്നു.
1986-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. എന്നാല്‍ തന്റെ അനുവാദം ചോദിക്കാതെയാണ് കമല്‍ ചുംബിച്ചതെന്ന് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഒരുപാട് അഭിമുഖങ്ങളില്‍ താന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും രേഖ പറയുന്നു. കമിതാക്കളായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് ചാടുന്ന രംഗത്തിലാണ് കമല്‍ രേഖയെ ചുംബിച്ചത്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ രേഖയ്ക്ക് പതിനാറ് വയസ്സ് മാത്രമാണ് പ്രായം. തന്റെ അനുവാദം ചുംബിക്കുന്നതിന് വാങ്ങിയിരുന്നില്ലെന്ന് രേഖ പറഞ്ഞു. ഇക്കാര്യം സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് വെളിപ്പെടുത്തിയപ്പേള്‍ ഒരിക്കലും ആ രംഗം മോശമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
''തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ''. ഒരുപാട് അവസരങ്ങള്‍ പുന്നഗൈ മന്നന്‍ തനിക്ക് തമിഴ് സിനിമ നേടി തന്നു എന്നും താരം പറഞ്ഞു. ഇതിലൂടെ ഒരു വിവാദം സ്യഷ്ടിക്കാനല്ല ഞാന്‍ ശ്രമിച്ചത് എന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ വ്യക്തമാക്കുന്നു .