തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നല്‍കി. ചെന്നൈ എഗ്മൂര്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ലെന്നും പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്ത കസ്തൂരി നിലവില്‍ ചെന്നൈ പുഴല്‍ ജയിലിലാണ്. അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസില്‍ പ്രതിയായ സെന്തില്‍ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയില്‍ ബലമായി കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജെപി നേതാവ് എച്ച് .രാജ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസമാണ് നടി ഹൈദരാബാദില്‍ അറസ്റ്റിലായത്...കേസിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ കസ്തൂരിയെ ചെന്നൈയില്‍നിന്നുള്ള പോലീസ് സംഘം ഹൈദരാബാദിലെത്തി പിടികൂടുകയായിരുന്നു. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് നടപടി ഊര്‍ജിതമാക്കിയത്...
ബ്രാഹ്മണര്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ നടത്തിയ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കസ്തൂരിയുടെ വിവാദപരാമര്‍ശം. തമിഴ്നാട്ടിലെ രാജാക്കന്മാരുടെ അന്തപ്പുരത്തില്‍ ദാസ്യവേലയ്ക്കായി എത്തിയവരാണ് സംസ്ഥാനത്തുള്ള തെലുങ്കര്‍ എന്നപരാമര്‍ശമാണ് കസ്തൂരിയെ വെട്ടിലാക്കിയത്. ഇതിനെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.