ലോഹിതദാസ് ചിത്രമായ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് ഭാമ. മലയാളിത്തമുള്ള നായികാമുഖമായി സിനിമാ ലോകത്തെത്തിയ നടി പിന്നിട് മലയാളത്തിന് പുറമേ കന്നഡയിലും താരമായി മാറുകയായിരുന്നു.
നിവേദ്യം ഷൂട്ടിങ് അവസാനിച്ചപ്പോള്‍ തനിക്ക് ലഭിച്ച ഉപദേശത്തെക്കുറിച്ചും ഡബ്ല്യുസിസിയുടെ നിലപാടുകളെക്കുറിച്ചും പ്രതികരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിവേദ്യം ഷൂട്ടിങ് അവസാനിച്ച് പാക്കപ്പ് പറയുമ്പോള്‍ ലോഹിതദാസ് തങ്ങളോട് സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഈ സെറ്റ് പോലെയാവില്ല മറ്റു സെറ്റുകളെന്നും എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വച്ച് മുന്നോട്ടു പോകണമെന്നും ഉപദേശിച്ചതായും അതൊരു വലിയ പാഠമായിരുന്നെന്നും ഭാമ പറയുന്നു. ആ ഉപദേശം മനസ്സില്‍ വച്ച് പ്രവര്‍ത്തിച്ചതു കൊണ്ടു തന്നെ ഭാമ തീരെ ഫ്രണ്ട്‌ലി അല്ല എന്ന ചീത്തപ്പേര് മാത്രമേ തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുളളുവെന്നും ഭാമ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്.
ഡബ്ല്യുസിസി യുടെ താരസംഘന അമ്മയും തമ്മിലുളള വിഷയങ്ങളെക്കുറിച്ചും ഭാമ പ്രതികരിച്ചു. സിനിമാ സെറ്റുകളില്‍ ഇന്നും പ്രാഥമീക സൗകര്യങ്ങള്‍ക്കായി സുരക്ഷിത സ്ഥലം ഒരുക്കാറില്ലെന്നും ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും കാരവാന്‍ അനുവദിക്കാറുള്ളൂവെന്നും ഭാമ പറയുന്നു. നിലവില്‍ സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരിക്കുന്ന ഭാമ താന്‍ നല്ലൊരു ചിത്രത്തിനായി കാത്തിരിക്കയാണെന്നും രണ്ടാം വരവ് ഉജ്ജ്വലമായിരിക്കുമെന്നും പറയുന്നു.
സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി നടി ഭാമ നേരത്തെ ആരോപിച്ചത് വാര്‍ത്തയായിരുന്നു.തന്നെ പുറത്താക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടുപിടിച്ചിട്ടുണ്ടെന്നും എന്നാല്‍ പേര് പുറത്ത് പറയാന്‍ കഴിയില്ലെന്നും ഭാമ പറഞ്ഞിട്ടുണ്ട്.