വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ 'തുടക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്‌നസ് കോച്ചായ സുനില്‍ സി.കെ.യാണ് ആദിത്യയുടെ വരന്‍. നടന്‍ അനു ആനന്ദിന്റെ മകളാണ് ആദിത്യ ലക്ഷ്മി.
'തുടക്കം' സിനിമയില്‍ മീനു എന്ന കഥാപാത്രമായി എത്തിയ വിസ്മയ മോഹന്‍ലാലിന്റെ കൂട്ടുകാരിയായ പ്രിയ എന്ന കഥാപാത്രത്തെയാണ് ആദിത്യ ലക്ഷ്മി അവതരിപ്പിച്ചത്. ചിത്രത്തില്‍ വിസ്മയ മോഹന്‍ലാലിന് ശബ്ദം നല്‍കിയതും ആദിത്യ തന്നെയായിരുന്നു. 'തുടക്കം' തന്നെയാണ് ആദിത്യയുടെ അഭിനയരംഗത്തെ അരങ്ങേറ്റ ചിത്രം.
മോഹന്‍ലാല്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് ആദിത്യ ലക്ഷ്മിയുടേത്. 'തുടക്കം' എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ആദിത്യയെ ആദ്യം ക്ഷണിച്ചത് സുചിത്ര മോഹന്‍ലാലായിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. വിസ്മയ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അനുഗ്രഹീത നിമിഷമായാണ് ആദിത്യ വിശേഷിപ്പിച്ചിരുന്നത്.
അഭിനയരംഗത്ത് ആദിത്യയ്ക്ക് മുന്‍പ് തന്നെ കുടുംബത്തിന് സിനിമയുമായി അടുത്ത ബന്ധമുണ്ട്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അനു ആനന്ദ് അഭിനയിച്ചിട്ടുണ്ട്. 'സൂര്യഗായത്രി'യില്‍ മോഹന്‍ലാലിന്റെയും ഉര്‍വശിയുടെയും മകനായും അനു ആനന്ദ് വേഷമിട്ടിരുന്നു. 'ചതുരംഗം', 'സാഗര്‍ ഏലിയാസ് ജാക്കി' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.