Latest News

തിരുവോണം ദിനത്തില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി അഭിരാമി; പട്ടുപാവാടക്കാരിയായി കല്‍ക്കി മോള്‍

Malayalilife
തിരുവോണം ദിനത്തില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി അഭിരാമി; പട്ടുപാവാടക്കാരിയായി കല്‍ക്കി മോള്‍

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രമാണ് അഭിരാമിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. എത്രകണ്ടാലും മടുപ്പു തോന്നാത്ത ആ ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടിയായി മാത്രമല്ല അവതാരകയായും ശ്രദ്ധ നേടിയ താരമാണ് അഭിരാമി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം കഴിയുന്ന അഭിരാമി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍ കുഞ്ഞിനെ ദത്തെടുത്തത്. മാസങ്ങള്‍ക്കു ആ വിവരം ആരാധകരെ അറിയിച്ച നടി ഇപ്പോഴിതാ, ആദ്യമായി കുഞ്ഞിന്റെ മുഖവും കാണിച്ചിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ചുള്ള കുടുംബചിത്രത്തിലാണ് പച്ചയും പിങ്കും കളറുള്ള പട്ടുപാവാടയിട്ട് മുടി മുകളില്‍ കെട്ടിവച്ച സുന്ദരിക്കുട്ടിയെ നടി ആരാധകരെ കാണിച്ചത്.

'എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍! എന്റെ ഭര്‍ത്താവിനെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്.. അതിലേക്ക് ഒരു കുഞ്ഞിനെയും ഡോഗിനെയും ചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് രസകരമായ ചിത്രങ്ങള്‍ ലഭിക്കും!'' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അഭിരാമി കുറിച്ചത്. വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞ് ജനിക്കാത്തതിനാലാണ് നടിയും ഭര്‍ത്താവ് രാഹുലും ചേര്‍ന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കുവാന്‍ തീരുമാനിച്ചത്. അതിനായി നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറെനാള്‍ കാത്തിരുന്നതിനു ശേഷമാണ് കല്‍ക്കി എന്ന കുഞ്ഞ് ഇവര്‍ക്കിടയിലേക്ക് എത്തിയത്.

'രാഹുലും ഞാനും ഇപ്പോള്‍ പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്നുള്ള സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കല്‍ക്കി എന്നാണ് അവളുടെ പേര്. കഴിഞ്ഞ വര്‍ഷമാണ് അവള്‍ ജീവിതത്തിലേക്ക് വന്നത്, അതിശേഷമുള്ള ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ന് അമ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് ഞാന്‍. എല്ലാവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കു വേണം,'' മാതൃദിനത്തില്‍ മകളെ ലോകത്തിനു പരിചയപ്പെടുത്തി അഭിരാമി കുറിച്ചത് ഇങ്ങനെയാണ്.

1981 ജൂലൈയില്‍ തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തില്‍ ഗോപകുമാറിന്റെയും പുഷ്പയുടെയും മകളായിട്ടാണ് അഭിരാമി ജനിച്ചത്. ദിവ്യ ഗോപകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷന്‍ എന്ന ചിത്രത്തില്‍ ബാലനടിയായിട്ടായിരുന്നു അഭിരാമി തുടക്കം കുറിച്ചത്. പിന്നീട് പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമെ രണ്ട് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രങ്ങളിലുമാണ് അഭിരാമി അഭിനയിച്ചത്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരുടെ നായികയായും തമിഴില്‍ പ്രഭു, ശരത്കുമാര്‍, അര്‍ജ്ജുന്‍ എന്നിവരുടെയും നായികയായി അഭിനയിച്ചു. 2004-ല്‍ കമലഹാസന്റെ  വിരുമാണ്ടിയിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയിലേക്ക് താമസം മാറ്റി. അമേരിക്കയിലെ ഒഹിയൊയിലെ കോളേജ് ഓഫ് വൂസ്റ്ററില്‍ നിന്നും സൈക്കോളജി ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. അതിനുശേഷം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നേടി. വിശ്വരൂപം എന്ന കമലഹാസന്‍ ചിത്രത്തില്‍ നായിക പൂജ കുമാറിന് ശബ്ദം കൊടുത്തുകൊണ്ട് 2013-ല്‍ അഭിരാമി ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചെത്തി. അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തില്‍ നായികയായി വീണ്ടും മലയാളത്തിലേക്കെത്തി. സാഹിത്യകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പവനന്റെ മകന്‍ രാഹുല്‍ പവനനെയാണ് അഭിരാമി വിവാഹം ചെയ്തിരിക്കുന്നത്.

Read more topics: # അഭിരാമി
actres abhirami shared

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES