വിഷ്ണു പ്രസാദിന് മക്കളോടും മക്കള്‍ക്ക് വിഷ്ണു പ്രസാദിനോടുമുണ്ടായിരുന്ന സ്നേഹം.. ആര്‍ക്കും അസൂയ തോന്നുന്നതായിരുന്നു. അതുകൊണ്ടു തന്നെയാണ് അച്ഛന് ശാരീരിക പ്രശ്നങ്ങള്‍ വന്നപ്പോള്‍ മൂത്തമകള്‍ അഭിരാമി താന്‍ കരള്‍ നല്‍കാം എന്ന് പൊടുന്നനെ ഡോക്ടര്‍മാരെ അറിയിച്ചതും. എന്നാലിപ്പോഴിതാ, അച്ഛന്റെ മരണം സംഭവിച്ചിട്ട് മൂന്നു ദിവസങ്ങള്‍ കഴിയുമ്പോഴും ആ വേര്‍പാടില്‍ പൊട്ടിക്കരയുകയാണ് അഭിരാമി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കു മുമ്പ് മരണദിവസം അച്ഛന് സംഭവിച്ചത് എന്താണെന്നും ഇപ്പോഴത്തെ തന്റെയും കുടുംബത്തിന്റെയും അവസ്ഥയും കണ്ണീരോടെയാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഭിരാമിയുടെ കുറിപ്പ് ഇങ്ങനെയാണ്:
മെയ് രണ്ടാം തിയതി എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടുവെന്ന വിവരം താങ്ങാനാകാത്ത ഹൃദയ വേദനയോടെ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്. കുറച്ചു കാലമായി അദ്ദേഹം ലിവര്‍ സിറോസിസുമായുള്ള പോരാട്ടത്തിലായിരുന്നു. തുടര്‍ന്ന് ഞാന്‍ കരള്‍ നല്‍കുവാന്‍ തീരുമാനിക്കുകയും കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താനായുള്ള കാത്തിരിപ്പിലുമായിരുന്നു. തിങ്കളാഴ്ച അതായത് ഇന്ന് നടത്തുവാന്‍ തീരുമാനിച്ച ശസ്ത്രക്രിയയില്‍ ഞങ്ങളെല്ലാം പ്രതീക്ഷയര്‍പ്പിച്ച് ഇരിക്കുകയായിരുന്നു. മരണം സംഭവിക്കുന്ന അന്നേ ദിവസവും ഞാന്‍ അച്ഛനുമായി സംസാരിക്കുകയും അദ്ദേഹവും നല്ല പ്രതീക്ഷയില്‍ ഇരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളായി. തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. നികത്താനാകാത്ത അദ്ദേഹത്തിന്റെ നഷ്ടം ഉള്‍ക്കൊള്ളാന്‍ പാടുപെടുകയാണ് ഞങ്ങളിപ്പോള്‍. മാത്രമല്ല, അച്ഛനില്ലാതെ എങ്ങനെ ഞാന്‍ മുന്നോട്ടു പോകുമെന്നും എനിക്കറിയില്ല. അച്ഛന്‍ എന്നെ നോക്കാന്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ സുരക്ഷിതയായിരുന്നു.
അദ്ദേഹത്തെ നഷ്ടമായ സമയത്ത് ഞങ്ങളെ പിന്തുണച്ച, സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് കടക്കും മുന്നേയും ജോലികള്‍ പുനരാരംഭിക്കും മുന്നേയും ഈ വേദനയെ മറികടക്കുവാന്‍ തനിക്ക് കുറച്ചുകൂടി സമയം വേണം. അദ്ദേഹത്തെ എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം.. നന്ദി എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ കുറിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്‍ വിഷ്ണു പ്രസാദിന്റെ മരണ വാര്‍ത്ത എത്തിയത്. അന്നു പുലര്‍ച്ചെയായിരുന്നു നടന്റെ മരണം സംഭവിച്ചത്.17-ാം വയസില്‍ അഭിനയ ലോകത്തേക്ക് കാലുവച്ച നടനായിരുന്നു വിഷ്ണു പ്രസാദ്. നടി ദിവ്യാ ഉണ്ണിയുടെ അച്ഛന്റെ നല്‍കിയ കത്തു വഴിയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയത്. ദൂരദര്‍ശനിലെ 13 എപ്പിസോഡ് പരമ്പരകളിലൂടെ സീരിയലുകളിലേക്ക് ചുവടുവച്ച വിഷ്ണു പിന്നീട് ഇങ്ങോട്ട് നായകനായും വില്ലനായും സഹനടനായുമെല്ലാം നിറഞ്ഞാടുകയായിരുന്നു.
അതിനിടെ സിനിമകളിലും തിളങ്ങിയെങ്കിലും സീരിയലുകളാണ് വിഷ്ണുവിനെ പ്രേക്ഷക ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. അതിനിടെ സ്വകാര്യ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളും സാമ്പത്തിക പ്രശ്നങ്ങളും ഒക്കെ ഉണ്ടായപ്പോള്‍ പ്രവാസ ജീവിതം അടക്കം തെരഞ്ഞെടുത്ത് ദുബായില്‍ ആര്‍ജെയായും ജോലി ചെയ്തെങ്കിലും അഭിനയം തന്നെയാണ് തന്റെയിടം എന്നു തിരിച്ചറിഞ്ഞപ്പോള്‍ തിരിച്ചെത്തുകയായിരുന്നു അദ്ദേഹം.