സ്റ്റേജ് പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു സുബി സുരേഷ്. കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരം കൂടിയാണ് സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്ന് 2023 ഫെബ്രുവരി 22നാണ് സുബി അന്തരിച്ചത്. ഇപ്പോള്‍ സുബിയുടെ മരണത്തിന് ശേഷം അമ്മ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.
മകള്‍ ആരോഗ്യം നന്നായി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് സുബിയുടെ അമ്മ അംബിക
മകളുടെ വിവാഹത്തിനായുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സുബിയെ വിവാഹം കഴിക്കാനിരുന്ന രാഹുലുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ട്. എപ്പോഴും വരികയും കാര്യങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായിട്ട് മാത്രമാണ് അദ്ദേഹം കുറച്ച് തിരക്കുകളിലായി പോയത്. രാഹുലിനെ വേറൊരു വിവാഹം കഴിപ്പിക്കാന്‍ ഞങ്ങളിപ്പോഴും നോക്കി കൊണ്ടിരിക്കുകയാണ്. കാണുന്നവരോടൊക്കെ ഞാന്‍ ചോദിക്കുന്നുണ്ട്. അതിന് സന്നദ്ധയായി ഏതെങ്കിലും പെണ്‍കുട്ടി വരികയാണെങ്കില്‍ തീര്‍ച്ചയായിട്ടും കഴിപ്പിക്കും. ഞങ്ങള്‍ പറഞ്ഞാല്‍ അവന്‍ ചെയ്തിരിക്കും. അവന് ജീവിക്കാനുള്ള എല്ലാമുണ്ട്.
ഇവിടെ വന്നപ്പോഴും അവന്‍ പറഞ്ഞത് എനിക്ക് നിങ്ങളുടെ വീടും കാര്യങ്ങളുമൊന്നും വേണ്ട. എന്റെ അമ്മയുമായി സുബി യോജിച്ച് പോകാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് അവള്‍ ഇവിടെ തന്നെ നിന്നോട്ടെ, താന്‍ ദിവസവും പോയി വരാമെന്നായിരുന്നു. പത്ത് മിനുറ്റ് ദൂരമേ വീടുകള്‍ തമ്മിലുള്ളു. കല്യാണം കഴിഞ്ഞ് പോയെനെ, എല്ലാം ഒരുക്കി കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ കിടക്കുന്ന കട്ടിലും ബെഡ്ഡും പോലും വിവാഹത്തിന്റെ ഒരുക്കത്തിന് മുന്‍പായി വാങ്ങിയതാണ്. അത്തരത്തിലുള്ള ഒരുക്കങ്ങളൊക്കെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
സുബി നല്ലോണം ശ്രദ്ധിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ പോവില്ലായിരുന്നു. എന്ത് വേണമെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. അതെടുത്ത് കഴിച്ചാല്‍ അല്ലേ കാര്യമുള്ളു. പക്ഷേ അവള്‍ കഴിക്കില്ല. തലേന്ന് കൊണ്ട് വരുന്ന ഭക്ഷണം ചീഞ്ഞ് പിറ്റേന്ന് എടുത്ത് കളയുന്നതാണ് അവളുടെ പരിപാടി.ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് ഒരു മാസം മുന്‍പേ സുബിയുടെ ഫുള്‍ ബോഡി ചെക്കപ്പ് ചെയ്തിരുന്നു. അന്ന് ലിവറിനോ മറ്റോ യാതൊരു കുഴപ്പങ്ങളും ഇല്ലായിരുന്നു. രണ്ട് തവണ കൊറോണ വന്നതോടെ ശ്വാസകോശത്തില്‍ ബുദ്ധിമുട്ടുകളുണ്ടായി.
ഒരു ദിവസം ഷൂട്ടിന്റെ ഇടയില്‍ ആള് വീണ് പോയി. പിന്നെ ഫ്ളൈറ്റില്‍ വെച്ചും ശ്വാസംമുട്ട് വന്നു. ബാഗില്‍ നിന്നും സ്പ്രെ എടുക്കാന്‍ സുബി ആംഗ്യം കാണിച്ചെങ്കിലും അതെന്താണെന്ന് രാഹുലിന് മനസിലാക്കാന്‍ സാധിച്ചില്ല. ആശുപത്രിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരള്‍ മാറ്റി വെക്കാനുള്ള എല്ലാം റെഡിയായിരുന്നു. മൂന്ന് ദിവസം കൊണ്ട് പേപ്പറുകള്‍ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി, ഹൈബി ഈഡന്‍ തുടങ്ങി ഒത്തിരിയാളുകള്‍ സഹായിച്ചു. ഓപ്പറേഷന് വേണ്ടി തയ്യാറെടുപ്പുകളെല്ലാം നടത്തിയപ്പോഴാണ് ഹാര്‍ട്ടിന്റെ പ്രഷര്‍ കൂടിയത്. ഇതോടെ ഉടനെ സര്‍ജറി ചെയ്യാന്‍ പറ്റില്ലെന്നായി. ആ കണ്ടീഷനില്‍ ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷേ അന്ന് രാത്രി ആള് പോയി. അന്ന് രാവിലെ പതിനൊന്ന് മണി വരെ ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചോണ്ട് ഇരുന്ന ആളാണെന്നും അമ്മ പങ്ക് വച്ചു.
ആരെങ്കിലും സഹപ്രവര്‍ത്തകര്‍ വിളിക്കാറുണ്ടോ എന്ന ചോദ്യത്തിനോടും അമ്മ പ്രതികരിച്ചതിങ്ങനെയാണ്.പിഷാരടി, ടിനി ടോം, മഞ്ജു വാര്യര്‍ എന്നിവര്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ മഞ്ജു വിളിച്ചത് ഭര്‍ത്താവിന് ക്യാന്‍സറാണെന്നറിഞ്ഞാണെന്നും അംബിക പറയുന്നു. അത് ആരോ പറഞ്ഞാണ് മഞ്ജു അറിഞ്ഞതെന്നും എങ്ങനെയുണ്ടെന്ന് എപ്പോഴും ചോദിക്കുമായിരുന്നുവെന്നും അംബിക പറഞ്ഞു.
മഞ്ജു വന്നപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷെ, തങ്ങള്‍ ആരോടും ആവശ്യങ്ങളുന്നയിക്കുന്നില്ലെന്നും സ്‌നേഹം നിലനിന്നോട്ടേയെന്നും അംബിക വ്യക്തമാക്കി.മന്ത്രി പി. രാജീവ് വീട്ടില്‍ വന്നിരുന്നുവെന്നും എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്ന് പറഞ്ഞുവെന്നും എന്നാല്‍ തങ്ങള്‍ വിളിച്ചിട്ടില്ലെന്നും വിളിക്കേണ്ട ആവശ്യം വരുമ്പോള്‍ വിളിക്കാമെന്നും അംബിക കൂട്ടിച്ചേര്‍ത്തു.
അവള്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു അനാഥാലയത്തെ നന്നായി സഹായിച്ചു.രണ്ടാമത്തെ വര്‍ഷമായപ്പോള്‍ അതുപോലെ ചെയ്യാനുളള പണം കൈവശമുണ്ടായിരുന്നില്ല.അപ്പോള്‍ വീട്ടില്‍ വന്ന ഒരാള്‍ ഞങ്ങളോട് ചോദിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും തന്നില്ലേയെന്നായിരുന്നു.
അവര്‍ക്ക് രണ്ട് പേര്‍ക്കും സുബിയെ നന്നായി അറിയാം. കാണുമ്പോള്‍ പരസ്പരം കളിയാക്കാറുമുണ്ട്. അവരുമായി ഞങ്ങള്‍ക്ക് നല്ലൊരു ബന്ധമുണ്ട്
പക്ഷെ സഹായം ചോദിച്ച് ഇതുവരെയായിട്ടും പോയിട്ടില്ലെന്നും അംബിക പറയുന്നു.