പാട്ടിന്റെ ചിത്രീകരണത്തില്‍ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തില്‍; വിലക്കുകള്‍ ഈഗോ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നല്‍കി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകള്‍

Malayalilife
  പാട്ടിന്റെ ചിത്രീകരണത്തില്‍ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തില്‍; വിലക്കുകള്‍ ഈഗോ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നല്‍കി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകള്‍

 

ന്നലെ പുലര്‍ച്ചെയാണ് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ നടന്‍ സത്താര്‍ അന്തരിച്ചത്. മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താര്‍ ജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സത്താര്‍ സ്വന്തമാക്കി. ആലുവ യുസി കോളജില്‍ യൂണിയന്‍ സെക്രട്ടറിയായിരുന്നു കടുങ്ങല്ലൂര്‍ക്കാരന്‍ സത്താര്‍. ഈ ചുറുചുറുക്കാണ് സത്താറിനെ ജയഭാരിയുടെ മനസ്സിലെ താരമാക്കിയത്. ഇരുവരുടേയും പ്രണയവും വേര്‍പിരിയലും സത്താറിന്റെ അന്ത്യവും രണ്ടാം ഭാര്യയുടെ ആരോപണങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കെ.നാരായണന്‍ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലാണ് സത്താറും ജയഭാരതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബീന. അതും ജയഭാരതിയുടെ നായകവേഷത്തില്‍. സിനിമയില്‍ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താര്‍ പാടി അഭിനയിക്കേണ്ടത് ജയഭാരതിക്കൊപ്പം.

സത്താര്‍ ടെന്‍ഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി. അത് വിവാഹത്തിലും എത്തി. ബീനയിലെ സത്താര്‍ ജയഭാരതി കൂട്ടുകെട്ട് ഹിറ്റായി. തുടര്‍ന്ന് പത്മതീര്‍ത്ഥം, അവര്‍ ജീവിക്കുന്നു, കൊടുമുടികള്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍. തന്റെ ജീവിതത്തിലേക്ക് സത്താര്‍ ജയഭാരതിയെ ക്ഷണിച്ചു. 1979-ല്‍ അവര്‍ വിവാഹിതരായി. പുതുമുഖമായ സത്താര്‍ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞു. പല സിനിമകളില്‍ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാല്‍ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താര്‍ കടന്നു. മലയാള സിനിമകളില്‍ നിര്‍മ്മാതാവായി. ഇതൊന്നും വിജയിച്ചില്ല. ഇത് വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു.

ജീവിതത്തില്‍ കഷ്ടപ്പാട് അറിയാതെ വളര്‍ന്നു വന്ന സത്താര്‍ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളില്‍ പതറിപ്പോയി. ജയഭാരതിയുമായുള്ള വേര്‍പിരിയലിലാണ് പ്രതിസന്ധികള്‍ എത്തിച്ചത്. ജീവിതയാത്രയില്‍ വഴി പിരിയേണ്ടി വന്നെങ്കിലും ജയഭാരതി തന്നെയായിരുന്നു സത്താറിന്റെ എക്കാലത്തെയും പ്രണയനായിക. വേര്‍പിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറില്‍ നിന്നു വിട്ടുപോയില്ല. മരണം വരേയും അത് സത്താര്‍ നെഞ്ചിലേറ്റി. സത്താര്‍ ഓര്‍മയാകുമ്പോള്‍ മണ്‍മറയുന്നത് മലയാളസിനിമയിലെ ആക്ഷന്‍ സിനിമകളുടെ ഒരുകാലഘട്ടമാണ്. എഴുപതുകളുടെ നടുവില്‍ കാമറയ്ക്കു മുന്നിലെത്തിയ സത്താര്‍ എണ്‍പതുകളുടെ പകുതിവരെ മലയാളത്തിലെ തിരക്കേറിയ മുന്‍നിര താരമായിരുന്നു സത്താര്‍ 2012ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ഡി.കെ. എന്ന കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

1975ല്‍ ആലുവ യു.സി കോളജില്‍ ചരിത്രവിദ്യാര്‍ത്ഥിയായി എം.എയ്ക്ക് പഠിക്കുമ്പോള്‍ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടാണ് ഒരുകൈനോക്കിയത്. വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ സത്താര്‍ അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. ഒരു വര്‍ഷം 16 സിനിമകളില്‍വരെ വേഷമിട്ട തിരക്കുള്ള നടനായിരുന്നു സത്താര്‍. ജയന്‍, സുകുമാരന്‍, സോമന്‍, രതീഷ് തുടങ്ങിയവര്‍ക്കൊപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് മലയാളസിനിമ കളറിലേക്ക് മാറിയ 80 കളുടെ ആദ്യംവരെ നിറഞ്ഞുനിന്നു.

മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയം രംഗം കീഴടക്കാന്‍ തുടങ്ങിയതോടെയാണ് സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് ചുവടുമാറിയത്. ശരപഞ്ജരം എന്ന വിഖ്യാത ജയന്‍ ചിത്രത്തില്‍ നായകനൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്തു. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച സത്താര്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടു.

അതിനിടെ സത്താറിന്റെ മരണത്തിന് പിന്നാലെ പുതിയ വിവാദവുമെത്തുകയാണ്. അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഒറ്റത്തൈക്കല്‍ പറഞ്ഞു. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്.

സത്താര്‍ രോഗിയായതുമുതല്‍ ചികിത്സയ്ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. അടുത്തയിടെ ആലുവയില്‍ ഫ്ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തില്‍ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, തര്‍ക്കത്തിനൊടുവില്‍ അവര്‍ ഫോണ്‍ വച്ചതായി സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീര്‍ പറയുന്നു. ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നാണ് വിവരം. .ഇതേത്തുടര്‍ന്ന് നസീം ബീന സത്താറിനെ ആശുപത്രിയില്‍ ചെന്ന് പരിചരിക്കുന്നത് നിര്‍ത്തുകയായിരുന്നു. സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു.

Read more topics: # actor sathar,# jayabharathi,# story,# allegations
actor sathar jayabharathi story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES