അപ്രതീക്ഷിതമായി ചെയ്തു തുടങ്ങിയ നുറുങ്ങു വീഡിയോകള്‍. കോവിഡ് കാലത്ത ബോറടി മാറ്റാന്‍ ഒരു വീട്ടമ്മ തുടങ്ങിയ സമയംപോക്ക് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ എത്തിച്ചത് നടന്‍ മമ്മൂട്ടിയ്ക്കരികെ അദ്ദേഹത്തിന്റെ ഭാര്യയായി സിനിമയില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരത്തിലേക്കാണ്. ഒരു സിനിമയിലോ സീരിയലിലോ മുഖം കാണിക്കുവാന്‍ പെടാപ്പാട് പെടുന്ന, അവസരങ്ങള്‍ ചോദിച്ച് സംവിധായകര്‍ക്കും നടന്മാര്‍ക്കും പിന്നാലെ ആയിരങ്ങള്‍ നടക്കുന്ന കാലത്താണ് തിരുവനന്തപുരത്തെ നെടുമങ്ങാടുകാരി സീമയെ തേടി അവസരം വീട്ടിലെത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയും രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമായ സീമ ഇപ്പോള്‍ വീട്ടിലും നാട്ടിലും തൊഴിലിടത്തുമെല്ലാം താരമാണ്. ഒരൊറ്റ ഫോണ്‍കോളിലൂടെ സീമയെ തേടിയെത്തിയ അപൂര്‍വ്വ സൗഭാഗ്യത്തിന്റെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നെടുമങ്ങാടുകാരിയായി ജനിച്ചു വളര്‍ന്ന സീമ ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പം കണിയാപുരത്താണ് താമസിക്കുന്നത്. ജോലി കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറും. മാസം 83,000 രൂപയോളം ശമ്പളം വാങ്ങുന്ന സീമ കുടുംബവും ജോലിയുമായി ഒതുങ്ങിജീവിക്കുന്ന ഒരു സാധാരണക്കാരി വീട്ടമ്മയായിരുന്നു. അതിനിടെയാണ് കോവിഡ് വരുന്നതും വീട്ടിലെ അടച്ചിട്ട അവസ്ഥയിലേക്ക് മാറുന്നതും. അപ്പോഴാണ് ടിക് ടോക് വീഡിയോകള്‍ സമയം പോക്കിനായി ചെയ്തു തുടങ്ങിയത്. അഭിനയിക്കാനോ പ്രതിഫലിപ്പിക്കാനോ വലിയ കഴിവുകളൊന്നും ഇല്ലാതിരുന്നിട്ടും കമന്റുകളും മെസേജുകളും മികച്ച പ്രതികരണങ്ങളായിരുന്നു. അങ്ങനെയാണ് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ഓഡിഷന്‍ 'വാശി' എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതില്‍ അവസരം ലഭിക്കുകയും ടൊവീനോയുടെയും കീര്‍ത്തി സുരേഷിന്റെയും ഒപ്പം ഒരു കോടതി സീനില്‍ അഭിനയിക്കുകയും ചെയ്തു.
'വാശി'യിലേക്ക് വിളി വന്നതിനു ശേഷമാണ് ഭര്‍ത്താവിനോട് തന്നെ കാര്യം പറഞ്ഞത്. ഭര്‍ത്താവും വീട്ടുകാരും പൂര്‍ണ്ണ പിന്തുണയോടെ നിന്നു. വാശിക്ക് ശേഷം 'മുറ' ചെയ്തു. 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'മുറ'യുടെ ചിത്രീകരണം കഴിഞ്ഞപ്പോഴാണ് കൂടെ അഭിനയിച്ച രതീഷ് മമ്മൂട്ടി സിനിമയില്‍ തിരുവനന്തപുരം സ്ലാങ്ങ് സംസാരിക്കുന്ന സ്ത്രീകളെ ആവശ്യമുണ്ടെന്നും ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ അയച്ചു കൊടുക്കണമെന്നും പറഞ്ഞത്. അങ്ങനെ അയച്ചുകൊടുത്ത വിഡിയോ കണ്ടിട്ടാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് വിളി വരുന്നത്. ആദ്യം വിളിച്ചപ്പോള്‍ വലിയ പ്രാധാന്യമില്ലാത്ത ചെറിയ വേഷമായിരിക്കും എന്നാണ് കരുതിയത്. പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍ വിളിച്ചപ്പോഴാണ് 'മമ്മൂട്ടി സാറിന്റെ ഭാര്യയുടെ വേഷമാണ്' എന്നറിഞ്ഞത്. എന്നാലിപ്പോഴും 'കളങ്കാവലില്‍' സീമ അഭിനയിച്ചു എന്നത് അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. കാരണം, സിനിമയിലെ ലുക്കും നേരിട്ടുള്ള രൂപവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇനിയും വ്യത്യസ്തമായ വേഷങ്ങളും നല്ല നല്ല സിനിമകളും ലഭിച്ചാല്‍ ജോലിയോടൊപ്പം തന്നെ സിനിമയും മുന്നോട്ട് കൊണ്ടുപോകണം എന്നാണ് സീമയുടെ ആഗ്രഹം.