മലയാളത്തിലെ യുവ നടന്മാരില് ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില് ഒരാള്‍ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി സിനിമയില്‍
തിളങ്ങുന്ന താരം ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാന തീരുമാനം എടുത്തിരിക്കയാണ്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്നതാണ് ആ തീരുമാനം. പൃഥിരാജ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞെന്നും ഇനി പൂര്‍ത്തിയാക്കാനുള്ള ആടുജീവിതമാണെന്നും അതിന് മുന്‍പ് ഒന്ന് വിശ്രമിക്കുകയാണെന്നും പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയശേഷമായിരുന്നു പൃഥ്വിരാജ് ആ നിര്‍ണായകതീരുമാനം എടുത്തത്.
അടുത്ത മൂന്നു മാസത്തേക്ക് സിനിമയില്‍നിന്നും താന്‍ ബ്രേക്ക് എടുക്കുകയാണെന്നാണ് പൃഥ്വിരാജ് അറിയിച്ചത്. 'അയ്യപ്പനും കോശിയും എന്ന ചിത്രം പൂര്‍ത്തിയായി. ലൊക്കേഷനില്‍ നിന്ന് തിരികെ പോരുമ്പോള്‍ ഞാന്‍ ആലോചിച്ചു, കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയില്ലാത്തതാണ് അത്. അടുത്ത മൂന്ന് മാസത്തേക്ക് ഒരിടവേളയെടുക്കുന്നു. സിനിമയില്‍ നിന്നും ഒരു ബ്രേക്ക് ആവശ്യമാണ്. ദിവസേന രാവിലെ ഉണര്‍ന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.'
'സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല.. ഇത് ശരിയോ ഞാന്‍ സന്തുഷ്ടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ ഉറങ്ങിക്കാണും. ഞങ്ങളുടെ നിര്‍മാണത്തിലുളള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തിയറ്ററില്‍ വച്ചു കാണാം.' എന്നാണ് പൃഥിരാജ് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. തീരുമാനം നല്ലതാണെന്നും അധികം വൈകാതെ മടങ്ങിവരണമെന്നും കമന്റുകളുണ്ട്.
അതേസമയം ഭര്‍ത്താവ് തിരികെ എത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയയും പങ്കുവച്ചു. രണ്ടു മാസങ്ങള്‍ക്കുശേഷം താടിക്കാരന് വീട്ടില്‍ മടങ്ങിയെത്തി എന്നായിരുന്നു പൃഥിരാജിന്റെ ഫൊട്ടോ പോസ്റ്റ് ചെയ്ത് സുപ്രിയ കുറിച്ചത്.