Latest News

പ്രമുഖ ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

Malayalilife
പ്രമുഖ ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് താരവും തിരക്കഥാകൃത്തുമായിരുന്ന കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന കാദര്‍ ഖാന്‍ അവസാന നാളുകളില്‍ കാനഡയില്‍ മകനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മരണം.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിറുത്തിയിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ മരിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ടൊറന്റോയില്‍ വച്ച്‌ മരണം സംഭവിക്കുന്നത്. 1937 ഒക്‌ടോബര്‍ 22ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് കാദര്‍ ഖാന്‍ ജനിച്ചത്. 1973ല്‍ രാജേഷ് ഖന്നയുടെ ദാഗ് ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങളിലൂടെ കാദര്‍ ഖാന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. കോമഡി വേഷങ്ങളാണ് കൂടുതലായും ചെയ്തത്. വില്ലന്‍ വേഷവും അണിഞ്ഞിട്ടുണ്ട്. 

ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി. അഭിനയത്തിന് പുറമെ നിരവധി ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചു. ഖൂന്‍ ഭാരി മാംഗ്, ബീവി ഹോ തോ ഐസി, ബോല്‍ രാധാ ബോല്‍, മേന്‍ ഖിലാഡി തൂ അനാരി, ജുദ്‌വ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 250 ചിത്രങ്ങള്‍ക്കാണ് കാദര്‍ ഖാന്‍ സംഭാഷണം നിര്‍വഹിച്ചത്. മന്‍മോഹന്‍ ദേശായി, പ്രകാശ് മെഹ്‌റ എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളും.

അമിതാഭ് ബച്ചന്റെ പല ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും കാദര്‍ ഖാനായിരുന്നു. ലാവാറിസ്, കൂലി, മുഖദ്ദര്‍ കി സിക്കന്ദര്‍, മിസ്റ്റര്‍ നട്‌വര്‍ലാല്‍, അമര്‍ അക്ബര്‍ ആന്റണി, പര്‍വാരിഷ് തുടങ്ങിയ ബച്ചന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നുവീണത് കാദര്‍ ഖാന്റെ തൂലികയില്‍ നിന്നാണ്. ഗോവിന്ദയുടെ ആന്റി നമ്ബര്‍ വണ്ണാണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. ഒരു ചിത്രം നിര്‍മിച്ചിട്ടുമുണ്ട്.

അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്. സംസ്‌ക്കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച കാനഡയില്‍ വെച്ച്‌ നടക്കുമെന്ന് മകന്‍ അറിയിച്ചു.

Read more topics: # actor-kadar khan -dead
actor-kadar khan -dead

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES