മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം നടനെ വെട്ടിലാക്കിയിരിക്കുകയാണ്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ മുകേഷിന്റെ എംഎല്‍എ സ്ഥാന രാജിക്കായി പ്രതിപക്ഷം ആവശ്യം ശക്തമായി.
എന്നാല്‍ മുകേഷിന്റെ രാജി ആവശ്യം സിപിഎം അംഗീകരിക്കില്ല. അതിനിടെ അതിവേഗ കുറ്റപത്രം നല്‍കിയതില്‍ മുകേഷ് അതൃപ്തനാണ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്ന നിലപാടിലാണ് മുകേഷ്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയില്‍ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.
താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളില്‍ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നടിയുമായി മുകേഷ് യാത്ര ചെയ്തതിന് അടക്കം തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം പരാതി പിന്‍വലിക്കാന്‍ നടി തീരുമാനിച്ചിരുന്നു. പിന്നീട് അതില്‍ നിന്നും പിന്മാറി. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
എന്നാല്‍ ഭര്‍ത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ പരാതി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞിരുന്നു. തന്റെ പേരിലുള്ള പോക്സോ കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസില്‍ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരി പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മുകേഷിനെതിരായ പരാതിയില്‍ അടിസ്ഥാനമുണ്ടെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചുവിനെതിരെയും പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മരടിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. സിനിമയില്‍ അവസരവും അമ്മ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
പത്തു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്. എറണാകുളം സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നാണ് മുകേഷിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുകേഷ് അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്.
മുകേഷ് ഒരു എംഎല്‍എയായതിനാല്‍ നീതി കിട്ടും എന്ന് കരുതിയില്ലെന്ന് പീഡനപരാതി നല്‍കിയ ആലുവ സ്വദേശിയായ നടയും പ്രതികരിച്ചു. ഇപ്പോള്‍ ആ അവസരത്തില്‍ എസ്‌ഐടിയോടും സര്‍ക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി പറഞ്ഞു. മുകേഷിനോട് പണം ചോദിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും നടി പ്രതികരിച്ചു. സഹായം എന്ന നിലയിലാണ് പണം ചോദിച്ചതെന്നും അത് പറയാന്‍ തനിക്ക് നാണക്കേടില്ല. എസ്.ഐ.ടി സംഘം ഫോണില്‍നിന്നും മെയിലില്‍ നിന്നും മുകേഷുമായുള്ള എല്ലാം വീണ്ടെടുത്തു. ഞാന്‍ ചെയ്ത മെസേജ് എല്ലാം അതിനകത്തുണ്ട്. എല്ലാ തെളിവുകളും എസ്.ഐ.ടി സംഘം എടുത്തിട്ടുണ്ടെന്നും നടി പറഞ്ഞു.
ലൈംഗികപീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നടിയുടെ വാക്കുകള്‍: ദൈവം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. സത്യം പറയാമല്ലോ, എന്റെ കൈയില്‍ അത്ര വലിയ തെളിവുകളൊന്നും ഉണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ, അന്വേഷണസംഘം ആദ്യമേ പറഞ്ഞത് ഒരു കാരണവശാലും യൂട്യൂബില്‍ നോക്കരുത്, കൂടെ ഞങ്ങളുണ്ടെന്നാണ്. ഒരു കാരണവശാലും തളരരുതെന്ന് പറഞ്ഞു. ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, എസ്.ഐ.ടിയുടെ അത്യുജ്ജല അന്വേഷണം കണ്ടപ്പോള്‍ ഇനി ഞാനാണോ പ്രതിയെന്ന് ചിന്തിച്ചു. ഒരു പ്രശ്‌നം വരുമ്പോള്‍ കള്ളം പെട്ടന്ന് പ്രചരിപ്പിക്കും. അതുകണ്ട് തളരാന്‍ പാടില്ല. നമ്മുടെ ഭാഗത്താണ് സത്യമെങ്കില്‍ പോലീസുകാരുടെ കൂടെ കട്ടയ്ക്ക് നില്‍ക്കുക. അവര്‍ നമ്മളെ ചേര്‍ത്തുപിടിക്കും. നമ്മള്‍ അവര്‍ക്കൊപ്പം പരമാവധി സഹകരിക്കുക. 2008-09 ആണല്ലോ സംഭവം നടന്നത്. അപ്പോള്‍ ഉണ്ടായിരുന്ന മെയിലിന്റെ പാസ്വേഡ് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, എസ്.ഐ.ടിയുടെ ഉഗ്രന്‍ അന്വേഷണമായിരുന്നു. അവര്‍ 2006 തൊട്ടുള്ളതാണോ, ഞാന്‍ ജനിക്കും മുന്നേയുള്ളതാണോ എന്നറിയില്ല എല്ലാം വീണ്ടെടുത്തു. നമ്മള്‍ ആര്‍ക്കെങ്കിലും എതിരേ ഒരു തന്ത്രം മെനഞ്ഞാല്‍ ദൈവം ആ തന്ത്രംകൊണ്ട് തന്നെ അവരെ കുരുക്കും. മുകേഷ് ഏട്ടന്‍ പറഞ്ഞു, ഞാന്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന്. അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കാശ് ചോദിച്ചു എന്നത് ശരിയാണ്. കാശ് ചോദിച്ചതിനേക്കുറിച്ച് ഞാന്‍ തന്നയാണ് പറഞ്ഞത്. അങ്ങനെയാണ് എല്ലാവരും അറിയുന്നത്. 15 വര്‍ഷം മുമ്പ് ഞാനൊരു സിംഗിള്‍ പാരന്റായിരുന്നു. കുട്ടിക്ക് പെട്ടന്ന് 40,000 രൂപ കെട്ടണം. 25,000 രൂപയുടെ കുറവുണ്ട്. ആ സമയത്ത് മുകേഷേട്ടന്റെ ഫോണ്‍ വരുന്നു. കുറച്ച് ടെന്‍ഷനിലാണ് 25,000 മറിക്കാനുണ്ടാകുമോ എന്ന് ചോദിച്ചു. ഞാന്‍ അത് ഇപ്പോഴും എല്ലാവരോടും പറയും. എനിക്ക് ഒരു നാണക്കേടുമില്ല. ഒരു സഹായം ചോദിച്ചു എന്നത് ശരിയാണ്.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്സാപ് ചാറ്റുകളുണ്ടെന്നും ഇമെയില്‍ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ ഒപ്പം അഭിനയിച്ചപ്പോഴും അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ചപ്പോഴും മുകേഷ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. 'കലണ്ടര്‍' സിനിമ ചിത്രീകരണത്തിനിടെയാണു മുകേഷിനെ പരിചയപ്പെട്ടത്. വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. താനറിയാതെ അമ്മയില്‍ കയറാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ ലൈംഗികച്ചുവയുള്ള, കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ പറഞ്ഞു. ഇതിനു ശേഷം 'നാടകമേ ഉലകം' എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ വീണ്ടും കണ്ടു. അന്നു തന്നെ കടന്നുപിടിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ആലുവ സ്വദേശിയായ നടി വെളിപ്പെടുത്തിയിരുന്നു.