ഒരു തുന്നല്‍ മെഷീനില്‍ നിന്നു തുടങ്ങി ചൈനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റ് വരെ എത്തി നില്‍ക്കുകയാണ് നടന്‍ ഇന്ദ്രന്‍സിന്റെ സിനിമാ യാത്ര. ദീര്‍ഘകാലം അഭിനേതാക്കള്‍ക്ക് ചമയമൊരുക്കി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഇന്ദ്രന്‍സ്്. ലാളിത്യവും വിനയവുമാണ് എന്നും ഈ നടനെ പ്രക്ഷകര്‍ക്കിടയിലും മറ്റു സിനിമാ താരങ്ങള്‍ക്കിടയിലും പ്രിയങ്കരനാക്കിയത്. വിജയക്കൊടുമുടിയില്‍ കയറി നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന നടന്റെ എളിമയും ലാളിത്യവും ഏവര്‍ക്കുമിടയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. രണ്ട് സംഭവങ്ങളിലൂടെയാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒന്ന് സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രന്‍സിനെക്കുറിച്ച് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടയില്‍ തറയിലിരിക്കുന്ന നടന്റെ വീഡിയോയും വൈറലാവുകയാണ്.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിന്റെ വീഡിയോ ആണ് വൈറലാകുന്നത്.താന്‍ സ്റ്റേജില്‍ നിന്നാല്‍ ട്രെയിലര്‍ കാണാന്‍ കാഴ്ചക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമല്ലോ എന്നു കരുതി അദ്ദേഹം നിലത്ത് മുട്ടുകുത്തി ഇരുന്നാണ് ട്രെയിലര്‍ കണ്ടത്. നിരവധി പേര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവു കൂടിയായ ഇന്ദ്രന്‍സേട്ടന്റെ ഈ എളിമ തന്നെയാണ് ഓരോ ദിവസവും അദ്ദേഹത്തിന് ആരാധകര്‍ ഏറി വരുന്നതിനുള്ള കാരണം എന്നാണ് പലരും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
ഷാനു സമദ് ആണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം ചാല കോളനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടക്കുന്നതുമൊക്കെയാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിന്റെ കഥാതന്തു. അബ്ദുള്ളയായി എത്തുന്നത് നടന്‍ ഇന്ദ്രന്‍സ് ആണ്.
സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രന്‍സിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന നടനെക്കുറിച്ചുള്ള മറ്റൊരു അനുഭവ കുറിപ്പ്,
ജിഷ്ണുവിന്റെ കുറിപ്പ് വായിക്കാം-
കഴിഞ്ഞ മാര്‍ച്ചില്‍ പെട്ടെന്നൊരു ദിവസം എനിക്കൊരു കോള്‍ വന്നു, ' ഹലോ....അനുഗ്രഹീതന്‍ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? 'അതേയെന്ന് ഞാന്‍ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു... 'സാറേ.... ഞാന്‍ ഇന്ദ്രന്‍സാണേ.....
'ആ....ആര്...?? പകച്ച് പോയ ഞാന്‍ വിക്കി വിക്കി ചോദിച്ചു, 'ആക്ടര്‍ ഇന്ദ്രന്‍സാ....ജിനോയി നമ്പറ് തന്നിട്ടാ വിളിക്കുന്നെ.... എന്റെ പോര്‍ഷന്‍ എന്നാ വരുന്നേന്ന് അറിയാന്‍ വിളിച്ചതാ.. ലൊക്കേഷനില്‍ വേറാരുടേം നമ്പറ് എന്റെ കൈയിലില്ലാരുന്നു അതാ.'
എന്റെ പ്രായത്തേക്കാള്‍ എക്‌സ്പീരിയന്‍സുള്ള സംസ്ഥാന അവാര്‍ഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടന്‍ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാന്‍ സമയമില്ലാത്ത നേരത്ത് സ്വന്തം കാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാന്‍ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വയ്ക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാന്‍ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്,
'വീട്ടിലിപ്പഴും തയ്യല്‍ മെഷീനൊണ്ട്. ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂ. അതാണേല്‍ മറക്കാനും പറ്റത്തില്ല, അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..'
'ഞാനാ മനുഷ്യനെ നോക്കി മനസുകൊണ്ടൊന്ന് തൊഴുതൂ... കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീര്‍ത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത്. ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്.
സിനിമയുടെ ഷെഡ്യൂള്‍ അറിയാന്‍ ഇന്ദ്രന്‍സ് തന്നെ വിളിച്ച അനുഭവമാണ് ജിഷ്ണു പങ്കുവെച്ചത്. ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ്, പാര്‍വ്വതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം തുഷാര്‍ എസ് ആണ് നിര്‍മിക്കുന്നത്