നാടകവേദികളിലൂടെ സിനിമയിലെത്തി, തന്റേതായ അഭിനയശൈലിയും നിലപാടുകളും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്. എന്നും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, ഇപ്പോള്‍ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തനിക്കൊപ്പം സെല്‍ഫി എടുക്കുന്ന രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. തന്റെ പോസ്റ്റിന് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 'എനിക്ക് ഒരുപാട് പേരുദോഷം ഉണ്ട് സിസ്റ്റര്‍മാരെ'.. 'ഓ അതൊന്നും സാരമില്ലന്നേ'.. 'ഇടയ്ക്ക് കുരിശ് വരയ്ക്കണം കേട്ടോ'.. 'കുരിശ് ചുമക്കുകയാണ് സിസ്റ്റര്‍', എന്നിങ്ങനെയാണ് താരം കുറിച്ചിരിക്കുന്നത്.
അലന്‍സിയറുടെ ഈ വ്യത്യസ്തമായ ശൈലിയിലുള്ള പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. 'വാക്കുകള്‍ക്കതീതം, ഗംഭീരം', 'എന്നെക്കൊന്നാലും ഞാന്‍ വരയ്ക്കൂല.. പക്ഷേ ചുമക്കും' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇവര്‍ക്കൊപ്പം സെല്‍ഫി എടുത്തത് ലൊക്കേഷനില്‍ വെച്ചാണോ എന്ന് അന്വേഷിക്കുന്നവരും നിരവധിയാണ്.
അടുത്തിടെ 'വേറെ ഒരു കേസ്' എന്ന ചിത്രത്തിലെ അലന്‍സിയറുടെ രൂപമാറ്റം വലിയ ചര്‍ച്ചയായിരുന്നു. വല്ലാതെ മെലിഞ്ഞ അദ്ദേഹത്തിന്റെ ലുക്ക് കണ്ടപ്പോള്‍, താരത്തിന് എന്തെങ്കിലും അസുഖമാണോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് സംവിധായകന്‍ ഷെബി ചൗഘട്ട് തന്നെ അന്ന് രംഗത്തെത്തിയിരുന്നു. അലന്‍സിയര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ബോധപൂര്‍വ്വം മെലിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചിലരുടെ ഭാവനയില്‍ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലില്‍ കെട്ടിവെക്കരുതെന്നും അന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.