ടൂറിസ്റ്റ് ഫാമിലി'യിലൂടെ തമിഴില്‍ കൈയ്യടി നേടിയ സംവിധായകന്‍ ആണ് 24 കാരനായ അബിഷന്‍ ജീവിന്ത്. ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റ് നല്‍കി സിനിമാ പ്രേമികളെ കയ്യിലെടുത്ത സംവിധായകന്‍ തന്റെ ജീവിതത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്.
അബിഷന്‍ ജീവിന്തും അഖില ഇളങ്കോവനും തമ്മിലുള്ള വിവാഹമായിരുന്നു ഇക്കഴിഞ്ഞ ദിവസം. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിലായിരുന്നു വിവാഹം നടന്നത്.ശശികുമാര്‍, ശിവകാര്‍ത്തികേയന്‍, സിമ്രന്‍, അനശ്വര രാജന്‍ തുടങ്ങിയ താരങ്ങളും മറ്റ് സംവിധായകരും നിര്‍മാതാക്കളും മടക്കം നിരവധിപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് തലേദിവസം ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി.
ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- റിലീസ് ഇവന്റിലാണ് ഇരുവരുടേയും പ്രണയം പരസ്യമായത്. അഖിലയെ അബിഷന്‍ വേദിയില്‍വെച്ച് പ്രൊപോസ് ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ടൂറിസ്റ്റ് ഫാമിലി' വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. പിന്നാലെ, അബിഷന്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മദന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അബിഷന്‍ പ്രധാനവേഷത്തിലെത്തുന്നത്. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക.
ഒരു യൂട്യൂബര്‍ എന്ന നിലയിലാണ് അബിഷന്‍ വിനോദ ലോകത്തേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്, തഗ് ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ചെറിയ വ്‌ലോഗ് വിഡിയോകള്‍ ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. 2019 ല്‍, ജിന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു, ഇത് സിനിമാ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി. അടുത്ത വര്‍ഷം, നൊടികള്‍ പിറക്കാതും എന്നൊരു ഹ്രസ്വചിത്രം കൂടി ചെയ്തു. അത് യൂട്യൂബില്‍ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ബ്രേക്ക്ഔട്ട് ഹിറ്റായി മാറി. ഈ വര്‍ക്കുകളാണ് സിനിമയിലെ അദ്ദേഹത്തിന്റെ കരിയറിന് ശക്തമായ അടിത്തറ പാകിയത്.
തിരുച്ചിറപ്പള്ളി സ്വദേശിയായ അബിഷന്‍ ലയോള കോളജില്‍ നിന്നും വിഷ്വല്‍ കമ്യുണിക്കേഷന്‍ ബിരുദം നേടിയിട്ടുണ്ട്. അതിനുശേഷം സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായെങ്കിലും അവസരം ലഭിച്ചില്ല. വെള്ളിത്തിരയിലേക്കുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കോളജിലെ അവസാന വര്‍ഷത്തില്‍, കോവിഡ് മഹാമാരി കാരണം പ്രതീക്ഷ നല്‍കുന്ന സിനിമാ പ്രോജക്റ്റ് ഉപേക്ഷിച്ചു. പിന്നീട് തന്റെ മനസ്സില്‍ തോന്നിയ കഥ, തിരക്കഥയായി എഴുതി, നിര്‍മാതാവിന് ഇമെയ്ല്‍ അയച്ചു നല്‍കിയതോടെയാണ് 'ടൂറിസ്റ്റ് ഫാമിലി'യുടെ തുടക്കമാകുന്നത്.