ജിത്തു മാധവന്‍- ഫഹദ് ഫാസില്‍ ചിത്രം ആവേശം 50 കോടി ക്ലബില്‍. തിയേറ്ററുകളില്‍ ആവേശം തീര്‍ത്തുകൊണ്ട് 50 കോടിക്കും മേലെ സിനിമ കളക്ട് ചെയ്തു എന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്.
ആദ്യ ദിവസം കേരളത്തില്‍ നിന്ന് 3.5 കോടി വാരിയപ്പോള്‍ ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. ഞായറാഴ്ച മാത്രം ആഗോള കളക്ഷന്‍ 11 കോടി ആണ്. തമിഴ്‌നാട്ടിലും ഗംഭീര കളക്ഷന്‍. ചിത്രം 100 കോടി ക്ലബ് കയറുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ഫഹദിന്റെ ആദ്യ 100 കോടി ചിത്രമായി ആവേശം മാറും. രോമാഞ്ചത്തിനുശേഷം ജിതു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാംഗ്ലൂരിലെ അധോലോക നായകന്‍ രംഗന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.
കോളേജ് പിള്ളേരും അവരെ സഹായിക്കാന്‍ എത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലിഖാന്‍ , ആശിഷ് വിദ്യാര്‍ത്ഥി , സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്‌സറ്റര്‍, മിഥുന്‍ ജെ.എസ്, മിഥുന്‍ സുരേഷ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, തങ്കം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസിമും ചേര്‍ന്നാണ് നിര്‍മ്മാണം.