തെരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങളുടെ പാര്‍ട്ടി പ്രവേശനം തമിഴ്‌നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. വിജയും വടിവേലുവും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ വിജയുടെ പിതാവിന്റെയും വടിവേലുവിന്റെയും പ്രതികരണങ്ങളാണ് വൈറലാകുന്നത്.
തമിഴ് സൂപ്പര്‍ താരം വിജയ് ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി രംഗത്തെത്തിയിരിക്കയാണ് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. സിനിമാ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ജനകീയ മുന്നേറ്റത്തിന്റെ ആവശ്യം വേണ്ടി വന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അച്ഛന്‍ ചന്ദ്രശേഖര്‍ പറയുന്നു. വിജയ് ബിജെപിയിലേക്കില്ലെന്നും അങ്ങനെയുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ബിജെപിയുമായി തങ്ങള്‍ക്ക് ഒരു രീതിയിലും യോജിച്ചുപോവാന്‍ ആവില്ലെന്നുമായിരുന്നു ചന്ദ്രശേഖറിന്‌റെ പ്രതികരണം.
നേരത്തെ വിജയ് സിനിമയായ മെര്‍സലിന്റെ ജിഎസ്ടി പ്രശ്നത്തില്‍ ബിജെപിയും വിജയും തമ്മില്‍ കലഹമുണ്ടായിരുന്നു. അന്ന് വിജയിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ വീട്ടിലും ഓഫീസിലും റെയ്ഡും നടത്തിയിരുന്നു. അന്ന് വിജയ് ആസ്വാദകര്‍ താരത്തിന് വന്‍ പിന്തുണയാണ് നല്‍കിയത്.
അതേസമയം രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് തമിഴ് ഓണ്‍ലൈന് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വടിവേലു വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍് പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ രാഷ്ട്രീയ വേദികളില്‍ അധികം കണ്ടിട്ടില്ല. സിനിമയിലും അത്ര സജീവമല്ല വടിവേലു. വിജയ് നായകനായി എത്തിയ മെര്‍സലിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.