പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിരപരിചിതമെന്നു തോന്നിക്കുന്ന മധ്യവര്‍ത്തി മലയാളിസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും 'ഉള്ളൊഴുക്ക്' എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരെയും ടീസറില്‍ കാണാനാകും.
കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ പറയുന്നത്.
എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.
2018-ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.
'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂര്‍ത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കന്യക' എന്ന ഹൃസ്വചിത്രം 2014-ലെ 61-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ നോണ്‍- ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി' എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.
റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി യുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍.