മൈസ' സിനിമമയുടെ ചിത്രീകരണത്തിനിടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിത്തിലാണ് നടി രശ്മിക മന്ദാന.വലത് ഇടുപ്പിലെ ഗുരുതര പരിക്കിനെ തുടര്‍ന്ന് സിനിമാ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന നടിഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി കുറിപ്പിന്റെ രൂപത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'ഇടയ്‌ക്കൊക്കെ ജീവിതം പതുക്കെയാകുന്നതും അത്ര മോശമല്ലല്ലോ?' എന്ന കുറിപ്പോടെയാണ് റഷ്മിക തന്റെ പുതിയ ദിനചര്യയെക്കുറിച്ച് എഴുതിയത്.
ഷൂട്ടിങ് സെറ്റുകളുടെ തിരക്കില്‍ നിന്ന് മാറി, അലാറം പോലും വയ്ക്കാതെ ശരീരം ആവശ്യപ്പെടുന്ന സമയത്ത് എഴുന്നേല്‍ക്കുകയാണ് ഇപ്പോഴത്തെ പതിവെന്ന് താരം പറയുന്നു. ആരോഗ്യത്തെ മുന്‍നിര്‍ത്തി ദിവസത്തില്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
അതിനൊപ്പം ജോലിസംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, പസിലുകള്‍ ചെയ്യുക, വളര്‍ത്തുപൂച്ചയായ 'ഔറ'യ്‌ക്കൊപ്പം സമയം ചെലവഴിക്കുക, പുസ്തകങ്ങള്‍ വായിക്കുക, വെബ് സീരീസുകള്‍ കാണുക എന്നിവയാണ് ദിവസങ്ങള്‍ നിറയ്ക്കുന്നതെന്നും റഷ്മിക വ്യക്തമാക്കി.
പരിക്ക് കാരണം ലഭിച്ച ഈ ഇടവേളയിലാണ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമാധാനമായി കാണാന്‍ കഴിഞ്ഞതെന്നും താരം വെളിപ്പെടുത്തി. സിനിമാ തിരക്കുകള്‍ കാരണം സ്വന്തം വിവാഹത്തിന്റെ ഓര്‍മകള്‍ പോലും ആസ്വദിക്കാന്‍ ഇതുവരെ സമയം ലഭിച്ചിരുന്നില്ലെന്നാണ് റഷ്മികയുടെ കുറിപ്പ്.
വര്‍ക്കൗട്ടിനോട് ഏറെ ഇഷ്ടമുള്ള ഒരാളായതിനാല്‍ ഇപ്പോള്‍ വ്യായാമം ചെയ്യാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാണെന്നും താരം സമ്മതിച്ചു. അതുകൊണ്ടുതന്നെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഉറക്കം, ഫിസിയോതെറാപ്പി, ചികിത്സ, ചര്‍മ്മ-മുടി സംരക്ഷണം, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കല്‍, വായന എന്നിവയാണ് ഇപ്പോഴത്തെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളെന്നും റഷ്മിക കൂട്ടിച്ചേര്‍ത്തു.
'മൈസാ' എന്ന ആക്ഷന്‍ ചിത്രത്തിലെ ഡാന്‍സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് റഷ്മികയ്ക്ക് വലത് ഹിപ്പിലെ ടെന്‍ഡണ്‍ പൂര്‍ണമായി വേര്‍പെടുന്ന ഗുരുതര പരിക്കേറ്റത്. തന്റെ കരിയറിലെ ഏറ്റവും ശാരീരികമായി വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് 'മൈസാ' എന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായ മൂന്നാമത്തെ വലിയ പരിക്കാണിതെന്നും, ആറ് ആഴ്ചത്തെ പൂര്‍ണ വിശ്രമത്തിനും തുടര്‍ന്ന് കൃത്യമായ പുനരധിവാസ ചികിത്സയ്ക്കുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും റഷ്മിക മുമ്പ് അറിയിച്ചിരുന്നു.