Latest News

ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് നിങ്ങളുടെ അണ്ണന്‍ പറഞ്ഞിരിക്കുന്നത്; കേരളത്തിന് റെഡ് അലര്‍ട്ട് ആണ്; ഡാമിന്റെ ബലക്ഷയത്തില്‍ നല്ല ആശങ്ക ഉണ്ട്; സെലിബ്രിറ്റികള്‍ക്ക് ഇപ്പൊ...ഒന്നും പറയാനില്ലേ; കഷ്ടം തന്നെ'; മുഖ്യമന്ത്രി വിജയ്യുടെ ആ തീരുമാനത്തില്‍ പ്രതിഷേധം ഇരമ്പുന്നു; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
 ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് നിങ്ങളുടെ അണ്ണന്‍ പറഞ്ഞിരിക്കുന്നത്; കേരളത്തിന് റെഡ് അലര്‍ട്ട് ആണ്; ഡാമിന്റെ ബലക്ഷയത്തില്‍ നല്ല ആശങ്ക ഉണ്ട്; സെലിബ്രിറ്റികള്‍ക്ക് ഇപ്പൊ...ഒന്നും പറയാനില്ലേ; കഷ്ടം തന്നെ'; മുഖ്യമന്ത്രി വിജയ്യുടെ ആ തീരുമാനത്തില്‍ പ്രതിഷേധം ഇരമ്പുന്നു; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ 142 അടിയില്‍ നിന്നും 152 അടിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. വിജയ് മുഖ്യമന്ത്രിയായ തമിഴ്നാട് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം കേരളത്തിന് വലിയൊരു 'റെഡ് അലര്‍ട്ട്' ആണെന്ന് സന്തോഷ് പണ്ഡിറ്റ് ഓര്‍മ്മിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരും സിനിമാ താരങ്ങളും പുലര്‍ത്തുന്ന മൗനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 

തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനം കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിലെ സിനിമാ സെലിബ്രിറ്റികളോ സാംസ്‌കാരിക നായകന്മാരോ തയ്യാറാകുന്നില്ല. ഡല്‍ഹിയിലോ വിദേശത്തോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുന്നവര്‍ സ്വന്തം നാടിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നത്തില്‍ കണ്ണടയ്ക്കുകയാണെന്നും, ചിലര്‍ക്ക് അഭിപ്രായം പറയാന്‍ പണമോ രാഷ്ട്രീയ ലാഭമോ സ്വന്തം സിനിമയുടെ റിലീസോ ആവശ്യമാണെന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നൂറ്റാണ്ടിലധികം പഴക്കമുള്ള, സുര്‍ക്കി-കല്ല് മിശ്രിതം കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് വലിയ ബലക്ഷയത്തിന് കാരണമാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ വെള്ളം സംഭരിക്കുന്നത് അണക്കെട്ടിന്മേലുള്ള മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചോര്‍ച്ചയും വിള്ളലുകളും കൂട്ടുകയും ചെയ്യും. ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാമില്‍ കൂടുതല്‍ വെള്ളം നിര്‍ത്തുന്നത് വലിയ ദുരന്തങ്ങളിലേക്ക് വഴിതുറക്കുമെന്നും, കേരളത്തില്‍ ജനങ്ങളുടെ ജീവന് വില കല്പിക്കുന്നവര്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളെയാകെ അത് വിഴുങ്ങുമെന്നും ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്നും സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് സിനിമയല്ലെന്നും, ദുരന്തമുണ്ടായാല്‍ രക്ഷിക്കാന്‍ ഒരു ഹീറോയും പറന്നെത്തില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മലയാളി ജനത മുന്‍കൂട്ടി ലൈഫ് ജാക്കറ്റുകള്‍ വാങ്ങി വെക്കുന്നത് നന്നായിരിക്കുമെന്നും പരിഹസിച്ചു. സ്വന്തം സുരക്ഷയ്ക്കായി സിനിമാക്കാരെക്കൊണ്ട് പ്രതികരിപ്പിക്കാന്‍ ആരാധകര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയുമായുള്ള കാവേരി നദീജല തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് തമിഴ്നാട് മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കര്‍ണാടകയില്‍ നിന്ന് അര്‍ഹമായ വെള്ളം ചോദിച്ചു വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാട് കേരളത്തെ ലക്ഷ്യമിടുന്നത്. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, നാളെ ഡാം തകര്‍ന്നാല്‍ പോലും റീച്ച് കൂട്ടാന്‍ റീല്‍സ് എടുക്കുന്ന യൂട്യൂബര്‍മാരെ മാത്രമേ ഇവിടെ കാണാന്‍ സാധിക്കൂ എന്നും വളരെ നിരാശയോടെ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

santhosh pandit about mullaperiyar dam and vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES