വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്ന് കഴിയുന്നതോടെ തനിച്ചായ ഭാര്യ ലക്ഷ്മിയെ ഇനി എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വീട്ടുകാരുടെ ഹൃദയം നുറുങ്ങുകയാണ്. ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ബാലഭാസ്‌കറും ലക്ഷ്മിയും ഒന്നിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മരണത്തിന്റെ രൂപത്തിലെത്തി ബാലുവിനെ ഒപ്പം കൂട്ടിയപ്പോള്‍ കൊഴിഞ്ഞത് ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയപ്പൂക്കളിലെ പ്രധാന ഇതളാണ്.
കോളേജ് കാമ്പസിനെ ത്രസിപ്പിച്ച പ്രണയമായിരുന്നു ബാലിവിന്റേത്. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ.....' എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്. കണ്‍ഫ്യൂഷന്‍ എന്ന മ്യൂസിക് ബാന്‍ഡ് പിറന്നതില്‍ ലക്ഷ്മിയുമായുള്ള പ്രണയവും ഒരു കാരണമായിരുന്നു. സഹപാഠികളാണ് ഈ ബാന്‍ഡിനൊപ്പം ഉണ്ടായിരുന്നത്. കലാലയം കേന്ദ്രീകരിച്ച് ആല്‍ബങ്ങളാണ് അന്ന് പുറത്തിറങ്ങിയത്.
ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് 2000ല്‍ വിവാഹിതരായത്. 22മത്തെ വയസിലാണ് ഇരുവരും ഒന്നിച്ചത്. എം.എ. സംസകൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസകര്‍ അതേ കോളേജില്‍ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്ന ലക്ഷ്മിയെ താലിചാര്‍ത്തിയത്. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പരസ്പരം ആശ്വസിപ്പിച്ചാണ് രണ്ടുപേരും ജീവിതം തുടങ്ങിയത്. സംഗീത രംഗത്തു നിന്നും ജീവിതം നയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വലിയ തോതില്‍ സമ്പാദ്യങ്ങളൊന്നും ഇല്ലാത്ത കാലത്തു തന്നെയായിരുന്നു ലക്ഷ്മിയുമായുള്ള പ്രണയവും വിവാഹവും. എങ്കിലും പുതുതലമുറയ്ക്ക് പോലും അതിശയം നിറയ്ക്കുന്ന അത്രയ്ക്ക് സ്‌നേഹം തുളുമ്പി നിന്ന ദാമ്പത്യമായിരുന്നു ഇവരുടേത്.
ജീവിതം സംഗീതസാന്ദ്രമായി മുന്നോട്ടു പോകുമ്പോഴും ഒരു ദുഃഖം അവര്‍ക്കിടയില്‍ അവശേഷിച്ചിരുന്നു. അത് മക്കളെ കുറിച്ചായിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. ഇക്കാലമത്രയും സന്തോഷത്തില്‍ എന്നതു പോലെ ദുഃഖത്തിലും ബാലു ഭാര്യ ലക്ഷ്മിയെ നെഞ്ചോടു ചേര്‍ത്തിരുന്നു.
രണ്ടര വയസായ മകളുമൊത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുത് നേര്‍ച്ച നടത്തി തിരികേ തിരുവനന്തപുരത്തെ വീട്ടിലേക്ക് വരും വഴിയാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചിരുന്നു. ബാലുവും ഭാര്യയും വെന്റിലേറ്ററില്‍ ആയെങ്കലും ലക്ഷ്മിയുടെ നിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ബാലുവിന് ശസ്ത്രക്രിയകള്‍ നടത്തി ജീവിതത്തിലേക്ക് മടങ്ങുമെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരണത്തിന് കീഴടങ്ങിയത്.
ഇരുകാലുകളും ഒടിഞ്ഞ് ശരീരത്തെ കൊത്തിവലിക്കുന്ന വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിക്ക് താങ്ങാനാവാത്ത ആഘാതമാണ് മകളുടേയും ബാലഭാസ്‌കറിന്റേയും മരണം ഏല്‍പിച്ചിരിക്കുന്നത്. ലക്ഷ്മിയെ ഇരുവരുടേയും മരണവിവരം അറിയിച്ചിട്ടില്ലെന്നാണ് സൂചന. പരിക്കേറ്റ ലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാലും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് ഇനിയും സമയമെടുക്കും. മകളെയും ഭര്‍ത്താവിനെയും തിരക്കുന്ന ലക്ഷ്മിയെ എങ്ങനെയാണ് ആശ്വസിപ്പിക്കുക എന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.