മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. താൻ അടക്കമുള്ള മോഹൻലാൽ ആരാധകർ ലൂസിഫർ കണ്ടതിനുശേഷം പൃഥ്വിരാജിന്റെയും ആരാധകരായെന്ന് ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു... കൂടാതെ എന്തുകൊണ്ട് മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാകുന്നുവെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രിയദർശിനി രാം ദാസിലൂടെയെന്നും ശ്രീകുമാർ പറഞ്ഞുരാജാവ് ഒന്നേയുള്ളുവെന്നും കേരളത്തിൽ ലൂസിഫർ എന്ന പേരിലാണ് ആ രാജാവ് ഇപ്പോൾ അറിയപ്പെടുന്നതെന്നും ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ശ്രീകുമാർ മേനോന്റെ പോസ്റ്റിന്റെ പൂർണരൂപം
രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ് മൊത്തമായും താങ്കളുടെ ഫാൻസ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.
മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്‌സ് ഓഫിസിൽ നീണാൾ വാഴട്ടെ
ഏറെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ ആരാധകരെ സന്തോഷത്തിലാക്കിയ ചിത്രമാണ് ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല റിപ്പോർട്ടുകളാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാൽ മാസ് പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ശ്രീകുമാര് മേനോൻ സംവിധാനം ചെയ്ത ഒടിയനായിരുന്നു മോഹൻലാലിന്റെ തൊട്ടു മുൻപത്തെ ചിത്രം. ചിത്രത്തിന്റെ പേരിൽസംവിധായകൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി എം ടി വാസുദേവൻനായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽകരാർ കലാവധി കഴിഞ്ഞതിനാൽ ചിത്രത്തിന്റെ തിരക്കഥ തിരിച്ചു ലഭിക്കണം എന്നാവശ്യപ്പെട്ട എം ടി കോടതിയെ സമീപിച്ചതോടെ ചിത്രം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.