മലയാള സിനിമയിലെ ബാലതാരമായി എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. തന്റെ 'രസികന്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹരിയുടെ പ്രകടനം ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഹരിയുടെ തനതായ ശൈലിയിലുള്ള സംഭാഷണ രീതിയെയും അഭിനയപാടവത്തെയും ലാല്‍ ജോസ് ഹൃദയസ്പര്‍ശിയായ വാക്കുകളോടെ അനുസ്മരിച്ചു.
'രസികന്‍' സിനിമയിലെ ഒരു പ്രധാന രംഗത്തെക്കുറിച്ച് ലാല്‍ ജോസ് പ്രത്യേകം പരാമര്‍ശിച്ചു. ചിത്രത്തിലെ ഒരു സീന്‍ ദിലീപും ഹരിയും ചേര്‍ന്ന് അതിമനോഹരമായാണ് അഭിനയിച്ചു തീര്‍ത്തതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. ഹരിയുടെ വികൃതി നിറഞ്ഞ ഭാവങ്ങളും വേഗതയാര്‍ന്ന സംഭാഷണങ്ങളും ആ കഥാപാത്രത്തെ അത്രമേല്‍ പ്രിയപ്പെട്ടതാക്കി മാറ്റി. താന്‍ കാസ്റ്റ് ചെയ്ത ആ കൊച്ചു ബാലന്‍ പിന്നീട് മലയാളത്തിലെ തിരക്കുള്ള ബാലതാരമായി വളര്‍ന്നതില്‍ ഏറെ സന്തോഷമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
രസികന് ശേഷം ഹരിമുരളിയെ കണ്ടിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തട്ടുകടയില്‍ വച്ച് അപ്രതീക്ഷിതമായി ഹരിമുരളി തന്നോട് വന്ന് സംസാരിച്ചതും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്.
'രസികനില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റില്‍ വളരെ സജീവമായിരുന്നു. അവനെ ഫേമസ് ആക്കിയ സീന്‍ അവനും ദിലീപും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവന്‍ ഇന്ന്. പിന്നീട് അവന്‍ സിനിമയൊക്കെ നിര്‍ത്തി ഗ്രാഫിക്സിലേക്കും എഴുത്തിലേക്കും ഒക്കെ തിരഞ്ഞുവെന്ന് കേട്ടു'' ലാല്‍ ജോസ് പറയുന്നു.
''രസികന്‍ കഴിഞ്ഞിട്ട് അവനെ കണ്ടിട്ടേയില്ല. അഞ്ചാറ് മാസം മുമ്പ് എറണാകുളത്ത് ഒരു രാത്രി വളരെ വൈകി ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കേറി. എന്റെ അടുത്ത് താടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ചോദിച്ചു. അങ്കിള്‍ എന്നെ മനസിലായോ? ഞാന്‍ പറഞ്ഞു ഇല്ല. ഞാന്‍ രസികനില്‍ ബാലതാരമായി അഭിനയിച്ച ഹരി ആണെന്ന് അവന്‍ പറഞ്ഞു''.
അവന്‍ വന്ന് സംസാരിച്ചത് ഏറെ സന്തോഷിപ്പിച്ചു. വളരെ കാലത്തിന് ശേഷം അവനെ കാണുന്നത് അങ്ങനെയാണ്. നിന്നെ ഒക്കെ കാണുമ്പോഴാണ് എനിക്ക് പ്രായം ആയെന്ന് ബോധ്യം വരുന്നതെന്ന് അവനോട് പറഞ്ഞു. അച്ഛനോടും അമ്മയോടും അന്വേഷണം പറയണമെന്ന് പറഞ്ഞാണ് വിട്ടത്. വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും സംവിധായകന്‍ പറയുന്നുണ്ട്.