പ്രിയനന്ദനന്റെ പുതിയസിനിമ സൈലന്‍സറിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ജനശ്രദ്ധയാകര്‍ഷിച്ച വൈശാഖന്റെ സൈലന്‍സര്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് പ്രിയനന്ദനന്‍ ഏറ്റവും പുതിയചിത്രം ഒരുക്കുന്നത്. ലാല്‍ മുഖ്യ കഥാപാത്രത്തെ അവതിരിപ്പിക്കുന്ന ഈ സിനിമയില്‍, ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയര്‍, സ്‌നേഹ ദിവാകരന്‍ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്നു. തിരക്കഥ, സംഭാഷണം: പി.എന്‍. ഗോപികൃഷ്ണന്‍, ഛായഗ്രഹണം: അശ്വഘോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, കലാസംവിധാനം: ഷെബീറലി, മെയ്ക്കപ്പ്: അമല്‍, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കൂത്തുപറമ്പ് ,സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍, അസോസിയേറ്റ് ഡയറക്ടര്‍: ബിനോയ് മാത്യു. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം തൃശൂര്‍ അമല കൃഷ്ണവില്ലേജില്‍ മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍കുമാറും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ദേശീയ അവാര്‍ഡു ജേതാവ് പ്രിയനന്ദനന്‍ സൈലന്‍സര്‍ ' എന്ന പേരില്‍ തന്നെ ഒരുക്കുന്ന സിനിമ വാര്‍ദ്ധക്യത്തിന്റെയും പുതിയ ജീവിത സാഹചര്യങ്ങളുടെയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ ജീവിതം പറയുന്നു. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോര്‍ സൈക്കിളുമായി ജൈവബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണ്. ഓര്‍മ്മകളുടെയും സ്വപ്നങ്ങളുടെയും ലോകം പുതിയ ലോകം ചമയ്ക്കുന്ന ഈ നാശുവിന്റെയും ചുറ്റുമുള്ളവരുടെയും ഈ ഇതിഹാസം തൃശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ഈ കഥയ്ക്കും സിനിമയ്ക്കും ആഗോളപ്രസക്തിയുണ്ട്.
2001 ല്‍ നെയ്ത്തുകാരന്‍ എന്ന സിനിമ സംവിധാനംചെയ്തുകൊണ്ടാണ് പ്രിയനന്ദനന്‍ മലയാളസിനിമയിലെത്തുന്നത്. ചിത്രത്തിലെ അഭിനയമികവിന് മുരളിക്ക് മികച്ച നടനുള്ള ദേശീയപുരസ്‌കാരംലഭിച്ചു. 2006 ല്‍ ആണ് പിന്നീട് പുലിജന്മം പ്രിയനന്ദനന്‍ സംവിധാനംചെയ്യുന്നത്. പുലിജന്മം മികച്ചചിത്രത്തിനുള്ള ദേശീയപുരസ്‌കരം നേടി. കെപി രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കി സംവിധാനംചെയ്ത സൂഫി പറഞ്ഞ കഥ ഏറെ പ്രേക്ഷകപ്രശംസനേടിയചിത്രമായിരുന്നു. രഞ്ജിതിന്റെ കഥയെ ആസ്പദമാക്കി ചെയ്ത ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയില്‍: മരിച്ചവരുടെ കടല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്, പാതിരാകാലം എന്നിവയാണ് പ്രിയനന്ദനന്റെ മറ്റു ചിത്രങ്ങള്‍.