Latest News

മികച്ച സംവിധായകനുള്ള അവാര്‍ഡ് വാങ്ങാന്‍ പോകും മുമ്പ്ഷാറൂഖിന്റെ കാലില്‍ വീണ് അറ്റ്ലി; വാരി പുണര്‍ന്ന് കിംഗ് ഖാന്‍; വീഡിയോ വൈറല്‍

Malayalilife
മികച്ച സംവിധായകനുള്ള അവാര്‍ഡ് വാങ്ങാന്‍ പോകും മുമ്പ്ഷാറൂഖിന്റെ കാലില്‍ വീണ് അറ്റ്ലി; വാരി പുണര്‍ന്ന് കിംഗ് ഖാന്‍; വീഡിയോ വൈറല്‍

തമിഴ് സംവിധായകന്‍ അറ്റ്ലിയെ ലോക പ്രശസ്തിയിലേക്കെത്തിച്ച ചിത്രമായിരുന്നു 'ജവാന്‍'. ഷാരൂഖ് ഖാന്റെ ഡബിള്‍ റോളും നയന്‍താര, ദീപിക പദുകോണ്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങളുടെ പ്രകടനവും കൂടിയായപ്പോള്‍ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി. നൂറു കോടി ക്ലബ്ബില്‍ എത്താന്‍ ചിത്രത്തിന് അധിക ദിവസവും വേണ്ടി വന്നില്ല. ഷാരൂഖ് ഖാനോടുള്ള തന്റെ സ്‌നേഹം ആദരവും നിരവധി തവണ അറ്റ്ലി പൊതു വേദികളില്‍ എടുത്തു പറയുകയും ചെയ്തിരുന്നു.

ഞായറാഴ്ച മുംബൈയില്‍ നടന്ന അവാര്‍ഡ് രാത്രിയില്‍ മികച്ച സംവിധായകനായി അറ്റ്ലിയെ തിരഞ്ഞെടുത്തിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ പോകുന്നതിന് മുന്നോടിയായി അറ്റ്ലിയുടെ തൊട്ട് അടുത്തിരുന്ന ഷാരൂഖ് ഖാന്റെ കാലില്‍ തൊട്ടു വണങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപ്പോള്‍ തന്നെ അറ്റ്ലിയെ എഴുന്നേല്‍പ്പിച്ച് കെട്ടിപിടിക്കുന്ന കിംഗ് ഖാനെയും വീഡിയോയില്‍ കാണാം. റാണി മുഖര്‍ജിയാണ് അറ്റ്‌ലിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

സെപ്റ്റംബര്‍ 7നാണ് 'ജവാന്‍' പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാന്‍ സമാഹരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 1,160 കോടി രൂപ നേടിയതായി സാക്‌നില്‍ റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അറ്റ്ലി എ ആര്‍ മുരുകദോസ് നിര്‍മ്മിച്ച 'രാജാ റാണി' എന്ന ചിത്രത്തിലൂടെയാണ് കോളിവുഡില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് നേടിയ അറ്റ്ലിക്ക് അടുത്തതായി വിജയ്യുടെ 'തെരി' സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിനു ശേഷം വിജയ്യുടെ തന്നെ മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും അറ്റ്ലി തന്നെ സംവിധാനം ചെയ്തു.

Shah Rukh Khan reacts as Atlee touches his feet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES