'കുഞ്ചാക്കോ ബോബന് ചിത്രമായ സത്യം ശിവം സുന്ദരം കണ്ട പ്രേക്ഷകരാരും അതിലെ വിജയലക്ഷ്മി എന്ന നായികയെ മറക്കാനിടയില്ല. ഇതില്‍ പുതുമുഖമായി എത്തിയ നീണ്ട മുടിയുള്ള സുന്ദരിക്ക് അന്ന് ഏറെ ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ച അശ്വതിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അശ്വതി. ഫഹദ് ഫാസിലിന്റെ റോള്‍മോഡല്‍സ് എന്ന ചിത്രത്തിലൂടെയാണ് ഒരുവര്‍ഷം മുമ്പ് താരം തിരികേയെത്തിയത്. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ രജിഷ വിജയന്റെ അമ്മ വേഷത്തില്‍ ജൂണ്‍ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. ജൂണിന്റെ ടീസറിനൊപ്പം അശ്വതിയും ശ്രദ്ധ നേടുകയാണ്.
ഹിറ്റ് ചിത്രമായ സത്യം ശിവം സുന്ദരത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അശ്വതി സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി. തെരുവിലെ അന്ധഗായകരായ കൊച്ചിന് ഹനീഫയുടെയും ഹരിശ്രീ അശോകന്റെയും സഹോദരിയായാണ് അശ്വതി വേഷമിട്ടത്. റാഫി മെക്കാര്ട്ടിനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. പിന്നീട് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ അശ്വതി സിനിമയില്‍ നിന്നും പിന്‍വാങ്ങി. പിന്നീട് വിവാഹം കഴിഞ്ഞ് സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് തിരികെയെത്താം എന്ന് അശ്വതി ചിന്തിക്കുന്നത്. തുടര്‍ന്നാണ് തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ റാഫിയെ താരം ഫോണില്‍ വിളിക്കുന്നതും റാഫി തന്റെ ഫഹദ് ചിത്രമായ റോള്‍ മോഡല്‍സില്‍ അശ്വതിക്ക് വേഷം നല്‍കുന്നതും. പിന്നീടിപ്പോള്‍ അന്‍വര്‍ റഷീദിന്റെ ഫഹദ് ഫാസില് ചിത്രമായ ട്രാന്‌സില് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അശ്വതി.
അഞ്ചും പത്തുമല്ല 18 വര്ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് അശ്വതി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ഇടക്കാലത്ത് സിനിമയില് ഇല്ലാതിരുന്നിട്ടും ഇന്നും താരത്തെ ജനങ്ങള് തിരിച്ചറിയുന്നുണ്ട്. വിവാഹത്തിന് ശേഷം നാടകവും നൃത്തപരിപാടികളുമൊക്കെയായി അശ്വതി സജീവമായിരുന്നു. സിനിമയില്‍ തിരിച്ചുവരുന്നതില് കുടുംബാംഗങ്ങള് പൂര്ണ്ണപിന്തുണ നല്കിയിരുന്നു. സുഹൃത്തുക്കളും ശക്തമായ പിന്തുണയാണ് നല്കിയത്. സിനിമയില് സജീവമായിരുന്നില്ലെങ്കിലും നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ജോലിയും അഭിനയവുമൊക്കെയായാണ് മുന്നേറിയത്. അതിനാല്ത്തന്നെ അഭിനയത്തില് ഇടവേളയൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും താരം പറയുന്നു. ഭര്‍ത്താവ് വികാസും പൂര്‍ണ പിന്തുണ നല്‍കി താരത്തിനൊപ്പമുണ്ട്.
ദുബായില്‍ ജനിച്ച് വളര്‍ന്ന അശ്വതി തന്റെ ഡിഗ്രി പഠനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ പി.ജി കഴിഞ്ഞ മികച്ച വേഷങ്ങള്‍ ലഭിക്കാത്തിനാല്‍ താരം തിരികേ പോയി. കല്യാണം കഴിഞ്ഞ് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് അശ്വതി ഇപ്പോള്‍. ഇനി രജിഷ നായിക ആകുന്ന ജൂണും ഫഹദ് നായകനാകുന്ന ട്രാന്‍സുമാണ് അശ്വതിയുടേതായി പുറത്തിറങ്ങുന്ന ചിത്രം. ജൂണില്‍ രജിഷയുടെ അമ്മയായിട്ടാണ് അശ്വതി വേഷമിടുന്നത്. ജൂണിന്റെ ടീസറിലും അശ്വതി എത്തുന്നുണ്ട്.