മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K റീ റിലീസ് തീയതിയില്‍ മാറ്റം. സെപ്റ്റംബര്‍ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിംഗ് ജോലികള്‍ തീരാന്‍ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പന്‍ തിരിച്ചു വരവായി ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ പുറത്ത് വിട്ടത്. 4K ഡോള്‍ബി അറ്റ്‌മോസില്‍ ആണ് ചിത്രം റീ മാസ്റ്റര്‍ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ 'സാമ്രാജ്യം', അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ മുതല്‍ മുടക്കില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്. അള്‍ട്രാ സ്‌റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം, അതിന്റെ മേക്കിങ് മികവ് കൊണ്ടും വലിയ പ്രേക്ഷക പ്രശംസ നേടി. സ്‌റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം ബെന്‍സ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ചു കൊണ്ട് വമ്പന്‍ കാന്‍വാസിലാണ് ഒരുക്കിയത്. കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നൂറും ഇരുനൂറും ദിവസങ്ങള്‍ തകര്‍ത്തോടിയ ചിത്രം കൂടിയാണ് 'സാമ്രാജ്യം'.
ഗാനങ്ങള്‍ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നല്‍കിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനന്‍ വിന്‍സെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് കെ പി ഹരിഹരപുത്രന്‍. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റന്‍ രാജു, അശോകന്‍, വിജയരാഘവന്‍, ശ്രീവിദ്യ, സോണിയ, സത്താര്‍, ജഗന്നാഥ വര്‍മ്മ, സാദിഖ്, സി ഐ പോള്‍, ബാലന്‍ കെ നായര്‍, പ്രതാപചന്ദ്രന്‍, ജഗന്നാഥന്‍, ഭീമന്‍ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.