ബോളിവുഡ് ഗായകനും അസമീസ് സംഗീതജ്ഞനുമായ സുബീന്‍ ഗാര്‍ഗ് (52) സിങ്കപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അന്തരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിയിരുന്ന അദ്ദേഹം ഡൈവിങ്ങിനിടയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ പുറത്തെടുത്ത് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ സിങ്കപ്പൂര്‍ യാത്ര. ഗാര്‍ഗിന്റെ അകാലവിയോഗത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി.
1972-ല്‍ മേഘാലയയില്‍ ജനിച്ച സുബീന്‍ ഗാര്‍ഗിന്റെ യഥാര്‍ഥ പേര് സുബീന്‍ ബര്‍താക്കൂര്‍ ആയിരുന്നു. പിന്നീട് ഗോത്രനാമമായ 'ഗാര്‍ഗ്' സ്റ്റേജ് നാമമായി സ്വീകരിച്ചു. 1990-കളില്‍ അസമീസ് സംഗീത ലോകത്ത് തരംഗമായിരുന്ന അദ്ദേഹം, 2006-ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ യാ അലിയിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടുകയായിരുന്നു. തുടര്‍ന്ന് സുബഹ് സുബഹ്, ക്യാ രാസ് ഹേ ഉള്‍പ്പെടെ നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.