കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ താരപുത്രന്‍ മാത്രമല്ല കുഞ്ഞു രാജകുമാരന്‍ കൂടിയാണ്. 800 കോടി മതിപ്പു വില വരുന്ന പട്ടൗഡി പാലസില്‍ പ്രൗഡിയോടെ കഴിയുന്ന താരദമ്പതികളുടെയും തൈമൂറിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പട്ടൗഡി പാലസില്‍ പ്രൗഡിയോടെ ബോളിവുഡ് താരദമ്പതികളായ കരീന കപുറും സെയ്ഫ് അലി ഖാനും മകന്‍ തൈമൂറും. ഹരിയാനയിലെ കുടുംബ വീട്ടില്‍ താരകുടുംബം നില്‍ക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. പാലസിന്റെ അകവും പുറവുമെല്ലാം ചിത്രങ്ങളില്‍ നിന്നും വ്യക്തമായി കാണാം. പട്ടൗഡി പാലസ് ഹരിയാനയിലെ ഗുഡ്ഗാവിലാണ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ 1900ലാണ് ഇത് പണികഴിപ്പിച്ചത്.
പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷുറി ഹോട്ടലായി നീമ്‌റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം സെയ്ഫ് പാലസിന്റെ പൂര്‍ണ ഉടസ്ഥാവകാശം തിരിച്ചു പിടിക്കുകയായിരുന്നു. പാലസിന്റെ ഘടന കേള്‍ക്കുമ്പോള്‍ തന്നെ നാം അമ്പരക്കും. ഏഴ് ബെഡ്‌റൂമുകള്‍, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാര്‍ഡ്‌സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.
ആകെ 800 കോടിയാണ് പാലസിന്റെ മതിപ്പ് വില.കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു.പത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമാ നടനും നിര്‍മ്മാതാവും എന്ന നിലയില്‍ പ്രശ്സതനാണ് സയ്ഫ് അലി ഖാന്‍. എന്നാല്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണ് സെയ്ഫ്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും, നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സയ്ഫ്. ആദ്യം നവാബ് ഓഫ് പട്ടൗഡി എന്ന സ്ഥാനം അലങ്കരിച്ചിരുന്നത് മന്‍സൂര്‍ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ഥാനം അദ്ദേഹത്തിന്റെ മകനായ സെയ്ഫിന് ലഭിക്കുകയായിരുന്നു.