പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ അറിയപ്പെടുന്നത്. ഹരിയാനയിലെ ഗുരുഗ്രാമത്തിലെ പട്ടൗഡി കുടുംബത്തിന്റെ കൊട്ടാരമായ പട്ടൗഡി പാലസും പ്രശസ്തമാണ്. സെയ്ഫിന്റെ അച്ഛന്‍ മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. എന്നാല്‍ രാജകുടുംബാംഗവും പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ മരണശേഷം കൊട്ടാരം ലീസിന് വിടേണ്ടിവന്നിരുന്നു. പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ഹോട്ടലിന് പാട്ടത്തിന് നല്‍കിയത്. ഇത് തിരികേ പിടിക്കാന്‍ സെയ്ഫ് അലിഖാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 800 കോടി രൂപയ്ക്ക് ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പാലസ് തിരിച്ചുപിടിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. അതിന്റെ ആവശ്യമില്ലെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും അതിനാല് തിരിച്ചുവാങ്ങേണ്ട കാര്യമില്ലെന്നുമാണ് ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
കൊട്ടാരത്തിന് 800 കോടിയാണെന്നത് അതിശയോക്തിയാണെന്നും ആശയവിനിമയത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്നുമാണ് സെയ്ഫ് പറയുന്നത്. പണത്തിന്റെ പേരില് വിലയിടാന്‍ പറ്റുന്നതല്ല പട്ടൗഡി പാലസിന്റെ വില. അത് വൈകാരികമാണ്. സ്വത്ത് വിലമതിക്കാനാവാത്തതാണ്. എന്റെ പൂര്‍വികരും അച്ഛനും അവിടെയാണ് അടക്കിയിരിക്കുന്നത്. അതിനാല്‍ അവിടം എനിക്ക് സുരക്ഷിതവും ആത്മീയമായ ബന്ധമുള്ളതുമാണ്.- താരം പറഞ്ഞു.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ മുത്തച്ഛന് മുത്തശ്ശിക്കുവേണ്ടി നിര്‍മിച്ചതാണ് ഈ കൊട്ടാരും. അന്ന് അദ്ദേഹമായിരുന്നു ഇവിടം ഭരിച്ചിരുന്നത്. അതിനാലാണ് അച്ഛന് ഇത് ലീസിന് നല്കിയത്. അവര്‍ ഇവിടെ ഹോട്ടല്‍ നടത്തുകയും മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്തു. ഒരു കുടുംബം പോലെയായിരുന്നു. എന്നാല്‍ അച്ഛന്റെ മരണത്തിന് ശേഷം താന്‍ അത് തിരിച്ചുവാങ്ങി എന്നാണ് താരം പറയുന്നത്. പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിച്ചതല്ല എന്നായിരുന്നു അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്. എന്നാല്‍ എത്ര രൂപയ്ക്കാണ് പട്ടൗഡി പാലസ് സ്വന്തമാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തന്റെ അച്ഛന്റെ മരണശേഷം ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറിയ പൈതൃക സ്വത്ത് തിരികെ പിടിക്കാന്‍ സിനിമാ ജീവിതംകൊണ്ട് നേടിയ തുക മുഴുവന്‍ ചിലവാക്കേണ്ടിവന്നെന്നാണ് സെയ്ഫ് അലി ഖാന്‍ വ്യക്തമാക്കിയത്. പാലസിന്റെ ഒരു ഭാഗം സിനിമ ഷൂട്ടിനായി വാടകയ്ക്ക് നല്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 2014ല്‍ തിരികെ തരാമെന്ന് ഹോട്ടല്‍ ശൃംഖലക്കാര്‍ വാഗ്ദ്ദാനം നല്‍കിയെങ്കിലും അന്നത് വലിയ തുകയായിരുന്നുവെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്. ഹരിയാനയിലാണ് പത്ത് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മുന്‍കാല പട്ടൗഡി രാജകൊട്ടാരം. ഏഴ് ബെഡ്‌റൂം, ഏഴ് ഡ്രസിംഗ് റൂം, ഏഴ് ബില്യാര്‍ഡ്‌സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു. പത്ത് ഏക്കറില്‍വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായ നീന്തല്‍കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.