നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ 'ആടുജീവിതം' വെള്ളിത്തിരയിലേക്ക് എത്താനൊരുങ്ങുകയാണ്. മലയാള സാഹിത്യത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോയതും ശ്രദ്ധിക്കപ്പെട്ടതുമായ നോവലുകളിലൊന്ന് സിനിമയായി മാറുമ്പോള്‍ മരുഭൂമിയില്‍ താന്‍ അനുഭവിച്ച ദുരിത ജീവിതം യഥാര്‍ത്ഥ നജീബ് സിനിമദക്കുമായി പങ്ക് വക്കുകയാണ്.
1993 ലാണ് നജീബ് സൗദിയില്‍ വിമാനമിറങ്ങുന്നത്. ജനിക്കാന്‍ പോകുന്ന തന്റെ മകനെ വളര്‍ത്താനും കുടുംബം പോറ്റാനും നാട്ടില്‍ നിന്നും ദുബായിലേയ്ക്ക് നജീബ് വണ്ടി കയറുമ്പോള്‍ ഭാര്യ 8 മാസം ഗര്‍ഭിണിയായിരുന്നു.ഭാര്യയുടെ പേരില്‍ ഉണ്ടായിരുന്ന അഞ്ചു സെന്റ് വിറ്റാണ് സൗദി അറേബ്യയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കുള്ള വിസ റെഡി ആക്കി എടുത്തത്. പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു. സൗദി എയര്‍ പോര്‍ട്ടില്‍ ഇറങ്ങി പുറത്തേക്ക് വന്ന നജീബിന്റെ പാസ്സ്‌പോര്‍ട്ട് വെളിയില്‍ കാത്ത് നിന്ന ഒരു അറബി വാങ്ങി പരിശോധിച്ച് നജീബിനെ എയര്‍പോര്‍ട്ടിനു വെളിയില്‍ കിടന്ന വണ്ടിയിലേക്ക് കയറ്റുകയായിരുന്നു. തന്റെഅറബി തന്നെ ആയിരിക്കും വന്നത് എന്ന് വിചാരിച്ച് വണ്ടിയില്‍ കയറിയ നജീബ് ചെന്നെത്തിയത് മരുഭൂമിയിലേയ്ക്കാണ്.
രണ്ടു ദിവസത്തോളം മരുഭൂമിയിലൂടെ ഓടിയ വണ്ടിയില്‍ ഇരുന്ന് നജീബിന് മനസിലായിരുന്നു എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന് . ഒടുവില്‍ വണ്ടി മരുഭൂമിയില്‍ എവിടെയോ നിര്‍ത്തി. പേടിയോടെ നജീബ് മരുഭൂമിയില്‍ കാലെടുത്തു വെച്ചു. അവിടെ ആരംഭിക്കുക ആയിരുന്നു നജീബിന്റെ ആട് ജീവിതം
ടെന്‍ഡിനുള്ളില്‍ എഴുന്നുറോളം ആടുകള്‍, കുറെ ഒട്ടകങ്ങള്‍ ഇതിനെ നോക്കുന്നതാണ് തന്റെ ജോലി എന്ന് നജീബ് തിരിച്ചറിഞ്ഞു. ജോലിയില്‍ വരുന്ന ഓരോ തെറ്റിനും അടി വീഴുമ്പോഴാണ് തെറ്റ് പറ്റി എന്ന് മനസിലാകുന്നത്. കുളിക്കാന്‍ പോയിട്ട് പല്ല് തേക്കാന്‍ പോലും വെള്ളമില്ല. ഉണങ്ങിയ കുബ്ബൂസ് ഇടക്ക് അറബി എറിഞ്ഞു കൊടുക്കും. ആടിനെ കൊണ്ട് പോകാന്‍ ഇടക്ക് അറബിയുടെ ചേട്ടന്‍ വണ്ടിയുമായി വരും എന്നത് ഒഴിച്ചാല്‍ മനുഷ്യന്റെ നിഴല്‍ പോലും അവിടെ ഇല്ല. ഇടക്ക് ആടിന് തീറ്റിയുമായി വന്ന ഒരു പാകിസ്ഥാനീക്ക് വീട്ടിലേക്കുള്ള കത്ത് കൈ മാറാന്‍ ശ്രമം നടത്തി. പിന്നെ ആ പാകിസ്ഥാനിയെ അവിടെ കണ്ടിട്ട് ഇല്ല. നജീബ് അവിടേക്ക് വരുമ്പോള്‍ മുടി വളര്‍ന്നു പ്രാകൃതനായ ഒരാള്‍ അവിടെ നോട്ടക്കാരന്‍ ആയിട്ട് ഉണ്ടായിരുന്നു. നജീബിനെ അറബി പരിശീലിപ്പിക്കുന്നതിന്റെ ഇടയില്‍ അവനെ കാണാതെ ആയി.
രണ്ടു കൊല്ലം കടന്നു പോയി ദിവസങ്ങള്‍ പോകുന്നത് നജീബ് അറിഞ്ഞിരുന്നില്ല. ഒന്ന് സംസാരിക്കാന്‍ പോലും ഒരാളില്ലതെ ജീവിതം തള്ളി നീക്കി. രക്ഷപെടാന്‍ ശ്രമിച്ചാലോ പലതവണ ആലോചിച്ചെങ്കിലും അറബിയുടെ വണ്ടിയില്‍ ഇരിക്കുന്ന തോക്കും വലിയ ബൈനോകുലറും മൂലം ഒന്നും സാധിച്ചില്ല.ഓടുന്ന തന്നെ തേടി അയാളുടെ വെടിയുണ്ട എത്തും എന്ന് നജീബിന് അറിയാമായിരുന്നു. ര
സ്‌നേഹത്തോടെ മുട്ടി ഉരുമ്മുന്ന ആടുകളില്‍ നജീബ് സ്‌നേഹം കണ്ടെത്താന്‍ ശ്രമിച്ചു. അവരില്‍ മനുഷ്യരെ കാണാന്‍. അവരോടു സംസാരിക്കാന്‍. അവരെ നാട്ടിലെ പല ആളുകളോടും സാമ്യം ചെയ്തു ആ പേരില്‍ വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ മനസു കൊണ്ട് താനും ഒരു ആടിനെ പോലെ ആയി മാറി എന്ന് നജീബ് ഓര്‍ക്കുന്നു. അറബിയുടെ കണ്ണ് തെറ്റിയ ഒരു ദിവസം അല്ലെങ്കില്‍ ദൈവം നജീബിന് വേണ്ടി കണ്ണ് തുറന്ന ഒരു ദിവസം നജീബ് ഓടുകയായിരുന്നു. കണ്ണ് എത്താത്ത മണലാര്യണ്ണ്യത്തിലൂടെുള്ള ഓട്ടം നിര്‍ത്തിയതെ ഇല്ല.
അറബിയുടെ വെടിയുണ്ട പിന്നാലെ വന്നാലും മരിച്ചു വീണാലും ഓട്ടം നിര്‍ത്തില്ല എന്നുറപ്പിച്ചുള്ള പാച്ചില്‍ ആയിരുന്നു അത്. അവസാനം ഒരു റോഡില്‍ എത്തി പ്രാകൃത വേഷത്തില്‍ നിന്ന നജീബിനെ കണ്ടു വണ്ടികള്‍ നിര്‍ത്താതെ പോയി.ഒടുവില്‍ ദൈവധൂതനെ പോലെ അയാള്‍ വന്നു. നജീബിന്റെ അരികില്‍ വണ്ടി നിര്‍ത്തി. ദയാവായ്‌പ്പോടെ നജീബിനെ നോക്കി.എല്ലാം മനസിലായ ഭാവം ആ കണ്ണുകളില്‍ നജീബ് കണ്ടു. നജീബിനെ കയറ്റിയ ആ വണ്ടി സൗദിയിലെ തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍ നിന്നു സൗദിയിലെ അഞ്ചു രൂപ അയാള്‍ നജീബിന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു എന്നിട്ട് യാത്ര പറഞ്ഞു പോയി. പ്രാകൃത വേഷത്തില്‍ നിന്ന നജീബ് മലയാളി ആണെന്ന് ആരോ തിരിച്ചറിഞ്ഞു.
ആരൊക്കെയോ ഇടപെടുന്നു നാട്ടിലെ ഏതാനും ബന്ധുക്കള്‍ വരുന്നു.നജീബിനെ നാട്ടിലേക്ക് അയക്കാന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നു. അവിടുത്തെ നിയമപ്രകാരം പാസ്‌പോര്‍ട്ട് കയ്യില്‍ ഇല്ലാത്തതിനാല്‍ ജയിലേലേക്ക് പോകണം.ഒന്‍പതു ദിവസം നജീബ് ജയിലില്‍.ഒടുവില്‍ സൗദി സര്‍ക്കാര്‍ നജീബിനെ ജയിലില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്നു.ബോംബയില്‍ വന്നിറങ്ങുന്ന നജീബിന് വീട്ടില്‍ പോകാന്‍ കയ്യില്‍ അഞ്ചു പൈസ ഇല്ല.ജയിലില്‍ വെച്ചു പരിചയപ്പെട്ട ഒരു കരുനാഗപ്പള്ളി സ്വദേശി ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉള്ള പണം നല്‍കുന്നു.
രണ്ടു പേരും ചേര്‍ന്ന് ഒരുമിച്ചു യാത്ര ചെയ്തു നാട്ടില്‍ എത്തുന്നു.കായകുളത്ത് നജീബ് ഇറങ്ങി. കൂട്ടുകാരന്‍ കരുനാഗപ്പള്ളിയിലേക്ക് പോകുന്നു പിന്നെ ഇന്ന് വരെ അയാളെ നജീബ് കണ്ടിട്ട് ഇല്ല. പേരും ഓര്‍മ്മ ഇല്ല
അഞ്ച് വര്‍ഷം കഴിഞ്ഞ് 2000ത്തില്‍ വീണ്ടും ദുബായ്ക്ക നജീബ്് വണ്ടി കയറി.
അവിടെ വെച്ച് ജോലി അന്വേഷിച്ചു നടക്കുന്നതിനിടയി ലാണ് സുനില്‍ എന്നാ ആളിനെ നജീബ് പരിചയപെടുന്നത്. ജോലി ആവിശ്യത്തിന്റെ ഭാഗമായി നജീബ് തന്റെ കഥകള്‍ സുനിലിനോട് പറയുന്നു. കഥയിലെ ജീവിതം തിരിച്ചറിഞ്ഞു സുനില്‍ നജീബിന്റെ കഥ അന്ന് ബഹറിനില്‍ ഉണ്ടായിരുന്ന എഴുത്തുകാരന്‍ ബെന്യാമിനോട് പറയുന്നു. നജീബിന്റെ ജീവിതത്തിലെ കഥ മനസില്‍ ഉടക്കിയ ബെന്ന്യാമിന്‍ നജീബിനെ സമീപിക്കുന്നു. ഒരു കൊല്ലത്തോളം സമയം എടുത്തു നജീബ് പലപ്പോഴായി തന്റെ കഥ എഴുത്തുകാരനോട് വിവരിക്കുന്നു.
നജീബിന്റെ ജീവിതത്തില്‍ ഭാവനയും സര്‍ഗാത്മകതയും ചേര്‍ത്ത് ബെന്ന്യാമിന്‍ അതിന് ജീവന്‍ കൊടുക്കുന്നു. ആട് ജീവിതം എന്ന പേരില്‍ നജീബിന്റെ ജീവിതം പുസ്തകമായി പുറത്തേക്ക് വരുന്നു. പിന്നെ മലയാള നോവല്‍ സാഹിത്യത്തിന്റെ ചരിത്രത്തെ തന്നെ മാറ്റി എഴുതി ആട് ജീവിതം മാറുന്നു. ബ്ലസി എന്ന അനുഗ്രഹിത സംവിധായകന്‍ സിനിമ ആക്കുവാന്‍ വേണ്ടി ആട് ജീവിതം തിരഞ്ഞെടുക്കുന്നു. പന്ത്രണ്ട് വര്‍ഷത്തോളം അതിന്റെ പിറകെ നടന്നു ഇപ്പോള്‍ ഇതാ ആട് ജീവിതം തിയേറ്ററിലേക്ക് എത്താന്‍ പോകുകയാണ്.
നജീബ് കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ മലയാളത്തിന്റെ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ബുക്കിലെ നായകന്റെ പ്രൗഡിയോ.ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭകള്‍ ചേര്‍ന്ന് തന്റെ കഥ സിനിമ ആക്കുന്നു എന്നാ അഹം ഭാവമോ അല്ല നജീബിന്റെ മുഖത്ത്. അന്ന് ആദ്യമായി സൗദി എയര്‍പോര്‍ട്ടില്‍ എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന ആ ആറാട്ട് പുഴക്കാരന്റെ അതെ വിഹ്വലതകള്‍ തന്നെയാണ്. കഴിഞ്ഞ്‌പോയ ദുരിതങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ തല പെരുകുന്ന നിഷ്‌കളങ്കനായ ഒരു പച്ച മനുഷ്യന്‍
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതമെത്തുന്നത്. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാര്‍ച്ച് 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.