തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഹണിമൂണ്‍ ആഘോഷത്തിലാണ്. തായ്ലന്‍ഡിലെ മനോഹരമായ കോ സാമുയി ദ്വീപിലാണ് താരദമ്പതികള്‍ തങ്ങളുടെ ഒഴിവുസമയങ്ങള്‍ ആസ്വദിക്കുന്നത്. കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള സ്വകാര്യ എയര്‍ബിഎന്‍ബി വില്ലയാണ് ഇവര്‍ താമസത്തിനായി തിരഞ്ഞെടുത്തത്.
പരമ്പരാഗത ആഡംബര റിസോര്‍ട്ടുകളേക്കാള്‍ ഉപരിയായി സ്വകാര്യതയ്ക്കും ശാന്തതയ്ക്കും മുന്‍ഗണന നല്‍കിയാണ് ഇവര്‍ ഈ ഇടം കണ്ടെത്തിയത്. ദമ്പതികള്‍ക്കൊപ്പം അടുത്ത സുഹൃത്തുക്കളും ഈ യാത്രയില്‍ പങ്കുചേരുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരില്‍ വെച്ചായിരുന്നു വിജയ്-രശ്മിക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാല്‍ സുന്ദരവുമായ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് 4-ന് ഹൈദരാബാദില്‍ വെച്ച് സിനിമാ മേഖലയിലുള്ളവര്‍ക്കായി വന്‍കിട റിസപ്ഷനും ഒരുക്കിയിരുന്നു.
തങ്ങളുടെ വിവാഹ സന്തോഷം ആരാധകരുമായി വ്യത്യസ്തമായ രീതിയില്‍ പങ്കുവെച്ച താരങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തിയും താരങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.