ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലായിരിക്കും പൃഥ്വിരാജ് അഭിനയിക്കുക. നായകനും സംവിധായകനും നിര്‍മ്മാതാവുമായി മലയാളത്തില്‍ തിളങ്ങുന്ന താരത്തിന്റെ നായികയായി ബോളിവുഡ് സുന്ദരി കാജോളാണ് എത്തുന്നത്.സൈഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ്.
കയോസ് ഇറാനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കാശ്മീര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്. തീവ്രവാദവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രമായിരിക്കും ഇത്. ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയെ കുറിച്ചും കഥാപത്രങ്ങളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഗോള്‍ഡ്', 'കാപ്പ' എന്നീ സിനിമകളാണ് പൃഥ്വിരാജിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നിനും 'കാപ്പ' ഡിസംബര്‍ 23നുമാണ് റിലീസ് ചെയ്യുന്നത്. കെ ജി എഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പ്രഭാസ് ചിത്രമായ 'സാലാറി' ല്‍ ഒരു നിര്‍ണായക കഥാപാത്രത്തെയും പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്.