നന്ദനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് പൃഥ്വിരാജ്. എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി,എസ്ര.ആദം ജോണ്‍ തുടങ്ങി വേറിട്ട കഥാപാത്രങ്ങളുളള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പൃഥ്വി നായകനായി എത്തി. ഇപ്പോള്‍ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ തന്റെ ഏറ്റവും വലിയ സ്വപ്നമായ സംവിധായകന്റെ കുപ്പായവും പൃഥ്വി അണിയുകയാണ്. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായി സംസാരിക്കാനും അനീതിയെന്നു തോന്നുന്നിടത്ത് ഉറച്ച നിലപാടെടുക്കുന്ന പൃഥ്വിയുടെ സ്വാഭവത്തിന് വലിയ കയ്യടി ലഭിക്കാറുണ്ട്. ജാടയുളള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതായിരുന്നു പൃഥി. എന്നാല്‍ പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെയും ആരാധകരുമായുളള സൗഹൃദപരമായ പെരുമാറ്റങ്ങളിലൂടെയും ജാടയെന്ന് പറഞ്ഞവരെ കൊണ്ടു തന്നെ അത് മാറ്റി പറയിക്കുകയായിരുന്നു ആ യുവതാരം. ലൂസിഫര്‍ തിയേറ്ററുകളില്‍ എത്താനുളള ആകാംഷയിലാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.
പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി താരങ്ങള്‍ തിരക്കിലാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ തന്റെ സിനിമാ ജീവിതത്തില്‍ സ്വാധീനിച്ച ഒരു സ്ത്രീ വ്യക്തിത്വത്തെക്കുറിച്ച് പൃഥ്വി തുറന്നു പറഞ്ഞിരിക്കയാണ്. ഇന്ന് അഭിനയത്തെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉളള വ്യക്തികളിലൊരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവിനെക്കുറിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും അടക്കമുളള താരങ്ങള്‍ വാചാലരായിരുന്നു. നന്ദനത്തില്‍ അഭിനയിച്ചിരുന്ന സമയത്തെ അനുഭവമാണ് താരം വിവരിച്ചത്. നന്ദനത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് സിനിമ വിട്ട് ഓടിപ്പോവാനായി താന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് രേവതിയായിരുന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി തന്നെ പിടിച്ചുനിര്‍ത്തിയതെന്നും താരം പറഞ്ഞിരുന്നു.
സിനിമാജീവിതത്തില്‍ ആരോടെങ്കിലും നന്ദി പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. രേവതിയായിരുന്നു ചിത്രത്തില്‍ താരത്തിന്റെ അമ്മയായി എത്തിയത്. നവ്യ നായരായിരുന്നു നായിക. സിനിമയുടെ ചിത്രീകരണം തുടങ്ങി 10-12 ദിവസമായപ്പോള്‍ത്തന്നെ തനിക്ക് ബോറടിയായിരുന്നുവെന്നും എങ്ങോട്ടേക്കെങ്കിലും ഓടിപ്പോവാന്‍ തോന്നിയിരുന്നതായും താരം പറഞ്ഞിരുന്നു. സമ്മര്‍ വെക്കേഷനായി കോളേജില്‍ നിന്നും നാട്ടിലേക്ക് വന്നതായിരുന്നു അന്ന്. രാവിലെ ലൊക്കേഷനില്‍ പോയിരുന്ന് ആരൊക്കയോ എന്തൊക്കെയോ പറയുന്നു, ഇടയില്‍ ഷോട്ട് റെഡി എന്ന് പറയുന്നു. അന്ന് പുസ്തകം വായിച്ചാണ് താന്‍ ബോറടി മാറ്റിയത്. ഇടയ്ക്ക് എവിടേക്കെങ്കിലും ഇറങ്ങിപ്പോയാലോ എന്ന് വരെ തോന്നിയിരുന്നതായും താരം പറഞ്ഞിരുന്നു. തന്റെ അവസ്ഥയെക്കുറിച്ച് രേവതി ചേച്ചികൃത്യമായി മനസ്സിലാക്കിയിരുന്നു. ഒരു മണിക്കൂറോളം സമയമാണ് അവര്‍ അന്ന് തന്നോട് സംസാരിച്ചത്. ഒരു നടന് വേണ്ടതൊക്കെ നിന്റെ ഉള്ളിലുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഓടിപ്പോവാനിരുന്ന തന്നെ പിന്നിലേക്ക് വലിച്ച് നിര്‍ത്തിയത് ആ വാക്കുകളായിരുന്നു. കരിയറില്‍ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് രേവതി ചേച്ചിയെന്നും താരം പറയുന്നു.