പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. വിവരം പൃഥ്വി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. നവംബര്‍ 16നു ചിത്രം പ്രദര്‍ശനത്തിനെത്തും.
ഒരു ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. മംത മോഹന്‍ദാസാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വിട്ട് പൃഥ്വിരാജ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് നയണ്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ച്ചയായിരിക്കും നയണ്‍ എന്ന് പൃഥ്വി മുമ്പൊരിക്കല്‍ കുറിച്ചിരുന്നു.
ഗോദയില്‍ നായികയായെത്തിയ വാമിഖ ഗബ്ബിയും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ കമലിന്റെ മകന്‍ ജുനൈസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. 100 ഡേയ്‌സ് ഓഫ് ലൗവിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ് , അലോക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും.