സെലിബ്രിറ്റികള്‍ അവരുടെ വളര്‍ത്തു മൃഗങ്ങളോടൊപ്പമുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ക്യൂട്ട് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്ല കമന്റുകളും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഷൂട്ടിങ് സെറ്റിലെയും ഭാര്യയോടൊപ്പമുളളതുമായ ചിത്രങ്ങള്‍ താരം പങ്കു വയ്ക്കാറുണ്ട്. എന്നാല്‍ നമ്മുടെ സ്വന്തം 'കുഞ്ഞിക്ക' ഇപ്പോള്‍ ഒരു ചിത്രം പങ്കുവയ്ച്ചതിലൂടെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാന് മത യാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്.
ബോക്‌സര്‍ ഇനത്തില്‍പ്പെട്ട നായയെ തഴുകി ദുല്‍ഖര്‍ സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും 'ഹണി' എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്‌ലിയായ മനോഹരിയായ കൂട്ടുകാരി.' എന്നായിരുന്നു ചിത്രത്തോടൊപ്പം ദുല്‍ക്കര്‍ കുറിച്ചിരുന്നത്.
എന്നാല്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം മതം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കുളിക്കണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ ആരാധകര്‍ കിടിലന്‍ മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകള്‍ കൂടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇപ്പോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നുണ്ട്. അതേസമയം മുന്‍പ് ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് നടന്‍ ആസിഫ് അലിയും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.