ഒടിയന്‍ സിനിമയ്‌ക്കെതരെ ചില്ലയറയൊന്നുമല്ല സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായത്. ചിത്രത്തിലെ ഡയലോഗുകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം പലതരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് ആയി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം കണ്ടവരുടേയും കാണാത്തവരുടേയുമൊക്കെ പൊങ്കാല ആയിരുന്നു. ചിത്രത്തിന് തുടക്കത്തില്‍ നെഗറ്റീവ് കമന്റുകളാണ് ഉണ്ടായതെങ്കിലും പിന്നീട് സിനിമയ്ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായിത്തുടങ്ങിയതോടെ സിനിമ വിജയകരമായി അഞ്ചാം ദിവസവും പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അവതാരകയായും ബിഗ്‌ബോസിലൂടെയും തിളങ്ങിയ പേളി മാണി ഒടിയനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കയാണ്.
ഒടിയന്‍ സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഒരിക്കലും അങ്ങനെ ഡീ ഡ്രേഗ് ചെയ്യരുതെന്നുമാണ് പേളി ലൈവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പേളിയുടെ വാക്കുകളെ അനുകൂലിച്ചാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ വേദനയുണ്ടെന്നും പേളി പറയുന്നു. സിനിമ കണ്ടുവെന്നും ഇങ്ങനെ നശിപ്പിക്കേണ്ട സിനിമയല്ല ഒടിയന്‍, മലയാളികള്‍ തന്നെയാണ് സിനിമയ്ക്ക് പിന്തുണയുമായി മുന്നോട്ട് വരേണ്ടത്. പോസിറ്റീവായി എഴുതാന്‍ പറ്റുമെങ്കില്‍ മാത്രം അത് പുറത്തുവിട്ടാല്‍ മതിയെന്നും താരം പുറത്തുപറയുന്നു. ലൈക്കിനും ഷെയറിനും വേണ്ടി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും പേളി പറയുന്നു.
നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഒടിയനിലെ ഡയലോഗാണ് തനിക്കും പറയാനുള്ളതെന്നും താരം പറയുന്നു. ഏത് സിനിമ വന്നാലും ആദ്യ ദിനത്തില്‍ത്തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. എത്രയോ പേരുടെ വിയര്‍പ്പും പരിശ്രമവുമാണ് സിനിമയെന്നും റിവ്യു എഴുതിയും ഡിഗ്രേഡ് ചെയ്തും സിനിമയെ നശിപ്പിക്കരു െന്നും പേളി പറയുന്നുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായെന്നും താരം പറയുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും താരം പറയുന്നു. ഒരു കാര്യം മോശമായി തോന്നിയാല്‍ അത് പരസ്യമായി പറയാതെ അത് അവരോടു മാന്യമായ രീതിയില്‍ അറിയിക്കുകയാണ് വേണ്ടതെന്നും പേളി പറയുന്നുണ്ട്. താന്‍ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും നെഗറ്റീവ് ധാരാളം ലഭിച്ചതിനാല്‍ തന്നെ അതൊന്നും ബാധിക്കില്ലെന്നും പേളി വ്യക്തമാക്കിയിട്ടുണ്ട്.