നിരവധി സീരിയലിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഏറെ ശ്രദ്ധേയമായ നടിയാണ് സീമ ജി നായര്‍. മലയാള സിനിമയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സീമ ജി.നായര്‍. 50 ല്‍ അധികം നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ന് വാഹനാപകടത്തില്‍ മരിച്ച നാടകനടിമാര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസമെന്നും. ഫോട്ടോ വന്നപ്പോള്‍ തന്നെ താന്‍ ഞെട്ടിപ്പോയെന്നും താരം പോസ്റ്റില്‍ കുറിക്കുന്നു. അപകടത്തില്‍ മരിച്ച ജെസ്സിയെ അറിയാമെന്നും താരം കുറിച്ചു.
ഫെസ്ബുക്ക് പോസ്റ്റ്..,
ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസം ആയല്ലോ ഈശ്വരാ.. കണ്ണൂരിനടുത്തു നാടക വണ്ടി അപകടത്തില്‍ പെട്ട വാര്‍ത്ത രാവിലെ കേട്ടപ്പോള്‍ അത് സത്യം ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചു.. അതില്‍ 2 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് കേട്ടത്.. ഫോട്ടോ വന്നപ്പോള്‍ ഞെട്ടിപ്പോയി.. അതില്‍ ജെസ്സി ചേച്ചിയെ എനിക്കറിയാമായിരുന്നു.. എന്താണ് എഴുതേണ്ടത് എന്നറിയാതെ ഒരു നിമിഷം ഇരുന്ന് പോയി.. കാരണം നാടകക്കാരുടെ ജീവിതം കൂടുതല്‍ സമയവും നാടക വണ്ടിയില്‍ ആണ്.. ഞാനും എത്രയോ വര്‍ഷം ഇതുപോലെ നാടകവണ്ടിയില്‍ ആയിരുന്നു.. അതിനിടക്ക് മൂന്ന് നാല് അപകടങ്ങള്‍.. ഒരിക്കല്‍ വടകരയില്‍ റെയില്‍വേ ക്രോസിനടുത്തുണ്ടായ അപകടത്തില്‍ എന്റെ വലത്തേ കണ്ണ് നഷ്ടപ്പെട്ടെന്ന് കരുതിയതാണ്.. ഇപ്പോഴും വലത്തു വശത്തെ കണ്ണിന്റെ തൊട്ടു താഴെ 13 സ്റ്റിച്ചിന്റെ പാടുണ്ട്.. പിന്നീട് ആലപ്പുഴ പുറക്കാട് വെച്ചുണ്ടായ അപകടം.
കഷ്ടപ്പാടും,അപകടവും,തൊട്ടുകൂടായ്മയും, തീണ്ടായ്മയും അനുഭവിച്ച കാലം.. ഉഷഉദയന്‍ ചേച്ചിയുടെ ഉദയേട്ടന്‍ ഇതുപൊലെ നാടകവണ്ടി അപകടത്തില്‍ മരിച്ചപ്പോള്‍ കൊല്ലത്തു വെച്ച് ഓടി പോയി കണ്ടതു ഇപ്പോളും കണ്മുന്നില്‍.. ഈ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനല്ലേ കഴിയു.. ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ ആണ്.. ഷൂട്ടിനിടയില്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.. അന്നന്നത്തെ അഷ്ടിക്കു വക തേടുന്നവര്‍ ആണ് നാടകക്കാര്‍.. അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞിരുന്നെങ്കിലും അത് മനസിലാക്കാന്‍ ഉള്ള പ്രായം അന്നുണ്ടായിരുന്നില്ല.. സ്റ്റേജിന്റെ അടിയില്‍ തൊട്ടില്‍ കെട്ടിയാണ് എന്നെ വളര്‍ത്തിയത്.. പിന്നീട് നാടക രംഗത്തേക്ക് ഞാന്‍ വന്നപ്പോള്‍ ആണ് ഒരു നാടക കലാകാരന്റെയും, കലാകാരിയുടെയും കഷ്ടപ്പാട് ശരിക്കും അറിഞ്ഞത്, അനുഭവിച്ചത്.. ഒരു തീചൂളയിലെ ചൂടാണ് അന്നനുഭവിച്ചിട്ടുള്ളത്.. കഷ്ടപാടിന്റെയും,ദുരിതത്തിന്റെയും നിലയില്ലാ കയത്തിലൂടെ കടന്നു പോയ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു''. സീമ കുറിച്ചു.
പയ്യന്നൂര്‍ കടന്നപ്പള്ളി തെക്കെക്കരയില്‍ വ്യാഴാഴ്ച രാത്രി അഞ്ജലിയും ജെസി മോഹനനും നാടകവേദിയില്‍ ആടിത്തിമിര്‍ത്തത് തങ്ങളുടെ അവസാന വേഷങ്ങള്‍ ആയിരുന്നു. കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിന്റെ നാടകോത്സവത്തില്‍ വനിതാ മെസ് എന്ന നാടകത്തില്‍ ഇരുവരും സദസിനെ ആര്‍ത്തുചിരിപ്പിച്ചിരുന്നു.
രാത്രി 7.30നാണ് തെക്കെക്കരയില്‍ നാടകം തുടങ്ങിയത്. പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകര്‍ നല്‍കിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുല്‍ത്താന്‍ബത്തേരിയിലേക്ക് തിരിച്ചത്. രിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്.
രാജീവന്‍ മമ്മിളി സംവിധാനം ചെയ്ത നാടകം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. വനിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങള്‍ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവര്‍ വേര്‍പിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നല്‍കിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.
കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിലൊന്നാണ് കായങ്കുളം ദേവ് കമ്യുണിക്കേഷന്‍. മലബാറിലെ ഉത്സവ സീസണുകളില്‍ കാസര്‍കോട് മുതല്‍ മലപുറം വരെ ഇവര്‍ ധാരാളം നാടക അവതരണങ്ങള്‍ നടത്താറുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമൂഹ്യ നാടകങ്ങളാണ് ഇവര്‍ അവതരിപ്പിച്ചു വരുന്നത്. സീസണിന്റെ തുടക്കത്തില്‍ തന്നെയാണ് വാഹനാപകടത്തില്‍ രണ്ട് കലാകാരികളുടെ ജീവന്‍ നഷ്ടമാകുന്നത്.
അപകടത്തില്‍ മരണമടഞ്ഞവരുടെ സംസ്‌കാരം ഇന്ന് നടക്കും.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഇന്ന് രാവിലെ എട്ട് മണി മുതല്‍ കായംകുളം കെപിഎസിയില്‍ പൊതുദര്‍ശനം നടക്കും.സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കും.പൊതുദര്‍ശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും.സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും.മുളങ്കാട് പൊതുശ്മശാനത്തില്‍ ആണ് സംസ്‌കാരം നടക്കുക