മലയാളത്തില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററുകളില്‍ എത്തിയ സ്പടികം, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ക്കായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ചിത്രങ്ങളുടെ വീണ്ടുമെത്തിയപ്പോഴുണ്ടായ വിജയം മറ്റ് ക്ലാസ്സിക്കുകളെയും റീ റിലീസ് ചെയ്യിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുകയാണ്. അത്തരത്തില്‍ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ എത്തിയിരുന്നു. മലയാളത്തില്‍ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ 'വല്യേട്ടന്‍' ചിത്രം ഇന്നും ആരാധകരുടെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. 2000 ല്‍ പുറത്തിറങ്ങിയ വല്യേട്ടനും വീണ്ടും തീയറ്ററുകളില്‍ എത്തുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിനി നൗ ആണ് 4k ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിക്കുന്നത്. ചിത്രത്തിന്റെ 4k ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഛായാഗ്രഹകന്മാരില്‍ ഒരാളായ രവി വര്‍മ്മന്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. രാജാമണിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്. ചിത്രസംയോജനം നിര്‍വഹിച്ചത് എല്‍ ഭൂമിനാഥനായിരുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെന്നി ജോണ്‍സനാണ്. ഡോള്‍ബി അറ്റ്‌മോസ് മിക്‌സിംഗ് എം ആര്‍ രാജാകൃഷ്ണന്‍ നിര്‍വഹിച്ചപ്പോള്‍ ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് ചെയ്തത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാര്‍ത്തിക് ജോഗേഷും റീ-റിലീസിനായി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഏജന്‍സി.