Latest News

ദളിത് സമുഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നു വന്ന കലാകാരന്റെ ഒരു സിനിമ പോലും പ്രദര്‍ശിപ്പിക്കാതിരുന്നത് ഇടതു പക്ഷ സര്‍ക്കാരിനു തന്നെ അപമാനകരമാണ്;വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു'; കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിനത്തില്‍ വിനയന്‍ കുറിച്ചത്

Malayalilife
ദളിത് സമുഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നു വന്ന കലാകാരന്റെ ഒരു സിനിമ പോലും പ്രദര്‍ശിപ്പിക്കാതിരുന്നത് ഇടതു പക്ഷ സര്‍ക്കാരിനു തന്നെ അപമാനകരമാണ്;വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു'; കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിനത്തില്‍ വിനയന്‍ കുറിച്ചത്

ലാഭവന്‍ മണിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കലാഭവന്‍ മണിയോട് സര്‍ക്കാര്‍പോലും അവഗണന കാട്ടുന്നു എന്നാണ് മണി അന്തരിച്ച് എട്ടുവര്‍ഷമാവുന്ന വേളയില്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് കുറിച്ച കുറിപ്പില്‍ വിനയന്‍ ആരോപിച്ചത്. മണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച വിനയന്‍, മരണശേഷവും അദ്ദേഹത്തിന് ഏറെ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു.

വിനയന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

മണി വിടപറഞ്ഞിട്ട് എട്ടു വര്‍ഷം....സ്മരണാഞ്ജലികള്‍..... അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണി..കല്യാണസൗഗന്ധികം എന്ന സിനിമയില്‍ തുടങ്ങി എന്റെ പന്ത്രണ്ടു ചിത്രങ്ങളില്‍ മണി അഭിനയിച്ചു.. 

വാസന്തിയും ലഷ്മിയുംപിന്നെഞാനും,കരുമാടിക്കുട്ടന്‍, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരന്‍ എന്ന കഥാപാത്രവും ഒക്കെ ഏറെ ചര്‍ച്ചയാവുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്..

അതില്‍ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്..മലയാളസിനിമയില്‍ മറ്റാര്‍ക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ കൃതാര്‍ത്ഥനാണു ഞാന്‍.

ഈയ്യിടെ ആഘോഷ പൂര്‍വ്വം നമ്മുടെ സര്‍ക്കാര്‍ നടത്തിയ കേരളീയം പരിപാടി എല്ലാര്‍ക്കും ഓര്‍മ്മയുണ്ടല്ലോ? അവിടെ വിവിധ നടന്‍മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു..പക്ഷേ കലാഭവന്‍ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചില്ല.

താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നു വന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദര്‍ശിപ്പിക്കാതിരുന്നത് ഈ ഇടതു പക്ഷ സര്‍ക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എന്റെ അഭിപ്രായം, ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞിരുന്നു.. മണിയുടെ ചിത്രം എടുത്തിരുന്നു എങ്കില്‍, അതില്‍ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉള്‍പ്പെടുത്തേണ്ടി വരും . നമ്മുടെ അക്കാദമിയിലെയും സാംസ്‌കാരിക വകുപ്പിന്റെയും ഭരണ സാരഥികള്‍ക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്ന് സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.ഞാന്‍ ചിരിച്ചു പോയി..

നമ്മുടെ സാംസ്‌കാരിക നായകരുടെയും വകുപ്പു മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓര്‍ത്തപ്പോള്‍ എനിക്കവരോടു സഹതാപമാണു തോന്നിയത്.. വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു... പത്തൊന്‍പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയെ സംസ്ഥാന അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സാംസ്‌കാരിക വകുപ്പും ഒക്കെ കളിച്ച കളി നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നായതു കൊണ്ട് ഞാന്‍ കൂടുതല്‍ പറയുന്നില്ല..

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കൈപ്പുനീര്‍ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീര്‍ക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ട് ഇപ്പോള്‍ എട്ടു വര്‍ഷം കഴിയുന്നു.. ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു..

പക്ഷേ ഒന്നുണ്ട് മണീ... ഏതു സാംസ്‌കാരിക തമ്പുരാക്കന്‍മാര്‍ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരന്‍ മണിയേ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ...?


            
            

vinayan about kalabhavan mani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES