തെലുങ്കില്‍ മാത്രമല്ല തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. 'അര്ജുന് റെഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ നടന്റെ പുതിയ ചിത്രം ദി ഫാമിലി സ്റ്റാറിന്റെ പ്രോമോഷനിടെ നടന് പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ നവാഗത സംവിധായകര്‍ക്കൊപ്പം കൂടെ വര്‍ക്ക് ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം. നവാഗത സംവിധായകരുമായി സഹകരിക്കാത്തതിന്റെ കാരണവും നടന് വ്യക്തമാക്കിയിട്ടുണ്ട്.ഒരു സിനിമയെങ്കിലും ചെയ്തവര്‍ക്കൊപ്പമേ ഞാന്‍ ജോലി ചെയ്യാറുള്ളു. നവാഗതനാണെങ്കില്‍ സെറ്റില്‍ എത്തുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. മുന്‍പ് സിനിമ ചെയ്ത ഒരാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം.
ഞാന്‍ സെറ്റില്‍ എത്തുമ്പോള്‍ എല്ലാം ശരിയായിരിക്കണം. അതിനാലാണ് ഞാന്‍ നവാഗതരുമായി ജോലി ചെയ്യാത്തത്. ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണെങ്കില്‍ ഞാന്‍ അവരുടെ വിഷ്വല്‍ സ്റ്റോറിയും എഡിറ്റിംഗും മ്യൂസിക് സെന്‍സും നോക്കും. ആ സിനിമ ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല. അവരോട് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.' - വിജയ് ദേവരകൊണ്ട പറഞ്ഞു.
തനിക്ക് ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ് ലേലത്തില്‍ വിറ്റുവെന്നും ലേലത്തില്‍ ലഭിച്ച തുക കൊണ്ട് പാവങ്ങളെ സഹായിച്ചു എന്നും നടന് പറഞ്ഞു. സര്ട്ടഫിക്കറ്റുകളോടും പുരസ്കാരങ്ങളോടും അത്ര താല്പര്യമുള്ളയാളല്ല താന്‍ എന്നും വിജയ് ഒരഭിമുഖത്തില്‍ വ്യക്തമാക്കി.എനിക്ക് മികച്ച നടന് എന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്കാര ശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. ഇതിനെ കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ല് ഇരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.മറ്റ് ചില പുരസ്കാരങ്ങള്‍ ഓഫിസിലുണ്ടാവും. ചിലത് അമ്മ എവിടെയോ എടുത്തു വച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്കാരങ്ങളില് ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ട്.''-വിജയ് പറയുന്നു.
25 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് തന്റെ അവാര്‍ഡ് അദ്ദേഹം ലേലം ചെയ്തത്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുകയായിരുന്നു.അര്ജുന് റെഡ്ഡിയിലെ അഭിനയത്തിനാണ് മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം വിജയ് ദേവരകൊണ്ടയെ തേടിയെത്തിയത്. പിന്നീട് ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലെ പ്രകടനത്തിലും ഫിലിം ഫെയര്‍ പുരസ്കാരം ലഭിക്കുകയുണ്ടായി.
ഗീത ഗോവിന്ദം, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന് കെ. പരശുറാം പെറ്റ്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഫാമിലി സ്റ്റാര്‍'. ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തിയേറ്ററിലേത്തുന്നത്. മൃണാല്‍ താക്കൂറാണ് നായിക.