യുവ തലമുറയുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട.കേരളത്തില്‍ താരത്തിന് ആരാധകര്‍ ഏറെയാണ്.അര്‍ജ്ജുന്‍ റെഡ്ഡിക്ക് ശേഷം വിജയ് ദേവരക്കൊണ്ടയും രാശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ആദ്യ ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രി തെന്നിന്ത്യയിലും കേരളത്തിലുമടക്കും വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ വിജയ്,രാശ്മിക ജോഡികള്‍ ഡിയര്‍ കോമ്രേഡിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിലെ ആദ്യ ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും ഒടുവില്‍ ചിത്രത്തിലെ തന്നെ കാന്റീന്‍ സോങ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒറ്റ ഷോട്ടിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്‌സ് ബിജോയ് ആണ്. രാഷ്മിക മന്ദാനയ്ക്ക് പുറമേ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രണയവും രാഷ്ട്രീയവും വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ചിത്രം തെലുങ്ക്,കന്നട,മലയാളം,തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. എന്നാല്‍ 2018 മെയ് മാസം പ്രഖ്യാപിക്കപ്പെട്ട സിനിമ വിവാദങ്ങളിലും പെട്ടിരുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക യുടെ റീമേക്കാണ് ഡിയര്‍ കോമ്രേഡ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു;
നാടകങ്ങിലൂടെ സിനിമയിലേക്കെത്തിയ വിജയ് ദേവരക്കൊണ്ട രവി ബാബുവിന്റെ 2011ല്‍ പുറത്തിറങ്ങിയ നുവ്വിലയില്‍ ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. എങ്കിലും 2017ല്‍ പുറത്തിറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടെ തലവരമാറ്റിയത്. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിംഗ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. വിജയ് ദേവരക്കൊണ്ട അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഷാഹിദ് കപൂറാണ്. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരക്കൊണ്ട ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ചിത്രം ഈ മാസം 26ന് തീയേറ്ററുകളിലെത്തും.