മല്ലു സിംഗ് എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ബ്രൂസ് ലീ. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കാനിരുന്നത്. കോഴിക്കോട് ഗോകുലം ഗലേ റിയാ മാളില്‍ വച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. മാസങ്ങള്‍ക്കിപ്പുറം സിനിമ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്.
ഉണ്ണി മുകുന്ദന് തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തുന്ന തന്റെ പുതിയ ചിത്രം ജയ് ഗണേഷ് സംബന്ധിച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഉണ്ണി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് താഴെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി അറിയിച്ചത്.
ബ്രൂസ് ലീ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ- 'അതെ സുഹൃത്തേ. ദൌര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം'. അടുത്ത വര്‍ഷം ഒരു ആക്ഷന്‍ ചിത്രം വരുമെന്നും ഉണ്ണി പറയുന്നുണ്ട്.