നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്ത്. ടെസ് ജോസഫ് 2018ല്‍ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. നിയമം അധികാരം ഉള്ളവര്‍ക്ക് വേണ്ടിയാണെന്നും ഇവിടെ സ്ഥിതി എങ്ങനെ മെച്ചപ്പെടുമെന്ന് കരുതാനാകുമെന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ ഉന്നയിച്ചു.
നീതി ലഭ്യമാക്കാന്‍ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നു. എന്നാല്‍, അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുന്ന കാഴ്ചകളാണ് മുന്നിലുള്ളത്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാനാകും. ഇത് എന്നെ ആഴത്തില്‍ ദുഖിപ്പിക്കുന്നുവെന്നും ടെസ് ജോസഫ് പറഞ്ഞു.
മുകേഷിനെതിരെ ആരോപണം ഉന്നയിച്ച് 2018ലും ടെസ് രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍ മുറിയില്‍ വച്ച് മുകേഷ് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് അന്ന് മീ ടൂവിലൂടെ ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
മുറിയിലേക്ക് ഇടതടവില്ലാതെ ഫോണ്‍ ചെയ്യുകയും പിന്നീട് ഹോട്ടലില്‍ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം. കോടീശ്വരന് പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും പാര്‍ലമെന്റ് അംഗവുമായ ഡെറിക് ഒബ്രയാന് നല്ല രീതിയില്‍ പിന്തുണച്ചതായും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ടെസിനെ അറിയില്ല എന്നായിരുന്നു അന്ന് മുകേഷിന്റെ നിലപാട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വീണ്ടും തന്റെ ആരോപണം ആവര്‍ത്തിച്ച് ടെസ് രംഗത്തെത്തിയിരിക്കുന്നത്.