ചിങ്ങമാസമെത്തിയതോടെ മുന്‍കൂട്ടി പ്രഖ്യാപിച്ച നിരവധി താരവിവാഹങ്ങള്‍ക്കാണ് ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതില്‍ തികച്ചും അപ്രതീക്ഷിതമായി എത്തിയ വിവാഹ വാര്‍ത്തയായിരുന്നു സ്റ്റാര്‍ സിംഗര്‍ ഗായികയായ ദുര്‍ഗാ വിശ്വനാഥിന്റേത്. രണ്ടാം വിവാഹമായതിനാല്‍ തന്നെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം അറിയിച്ചുള്ള വിവാഹമായിരുന്നു ദുര്‍ഗയുടേത്. സേവ് ദ ഡേറ്റ് ഫോട്ടോയിലൂടെയാണ് വിവാഹ വാര്‍ത്ത ആരാധകരിലേക്ക് എത്തിയത്.
ഇപ്പോഴിതാ, ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് ഇന്ന് രാവിലെ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുകയാണ്. രാവിലെ ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയ ഇരുവരും സമീപത്തെ മണ്ഡപത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി ചെറിയ ചടങ്ങും ഒരുക്കിയിരുന്നു. ആ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.
ഋജു ശിവാനന്ദം എന്ന കണ്ണൂര്‍ സ്വദേശിയെയാണ് ദുര്‍ഗ വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒന്‍പതരയോടെ ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരുന്നു വിവാഹം. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
2007ലായിരുന്നു ദുര്‍ഗയുടെ ആദ്യ വിവാഹം നടന്നത്. ആദ്യം പ്രണയിച്ചു വിവാഹം കഴിച്ച ഡെന്നീസ് ക്രിസ്ത്യാനി ആയിരുന്നതിനാല്‍ തന്നെ ഇരു മതാചാരപ്രകാരവുമായിരുന്നു ദുര്‍ഗയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്ന് രണ്ടാം വിവാഹ വാര്‍ത്തയും എത്തിയത്.
തന്റെ വേറിട്ട ശബ്ദമികവു കൊണ്ടു മലയാളി മനസുകള്‍ കീഴടക്കിയ ഗായികയാണ് ദുര്‍ഗ. യുസി കോളേജ് ആലുവയില്‍ നിന്നു എംസിഎ പഠനം പൂര്‍ത്തിയാക്കി സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുര്‍ഗ വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയ വഴി അറിയിച്ചെത്താറുണ്ട്. ഇടക്കാലത്തു സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തി തുടങ്ങിയത്. വിവിധ ഫേസ് ബുക്ക് പേജുകളില്‍ ലൈവില്‍ എത്തിയും, മനോഹര ഗാനങ്ങള്‍ പങ്കിട്ടും ദുര്‍ഗ സജീവമാണ്.
ഏക മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ദുര്‍ഗ പങ്കിടുമ്പോഴൊക്കെ ഇതിനിടയില്‍ താരം സിംഗിള്‍ മദറാണോ എന്ന സംശയം പലപ്പോഴും സോഷ്യല്‍ മീഡിയ പങ്കുവച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഡെന്നിസിന് എത്താന്‍ താത്പര്യമില്ലാത്തതാകാം അതിനു പിന്നിലെന്ന അഭിപ്രായവും ചില ആരാധകര്‍ പങ്കിട്ടിരുന്നു. സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന പാട്ടുപാടിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ സിംഗറിലൂടെ ദുര്‍ഗ പ്രേക്ഷക മനസു കവര്‍ന്നത്. അന്ന് പാടിയത് ഇന്നും പകല്‍ പോലെ മിനി സ്‌ക്രീന്‍ പ്രേക്ഷര്‍ക്ക് ഓര്‍മ്മയുണ്ടാകും. ദുര്‍ഗ്ഗയുടെ ഗാനം കേട്ട് വേദിയില്‍ ഇരുന്ന അച്ഛന്‍ കരഞ്ഞതും ഇന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുര്‍ഗ്ഗയുടെ വിവാഹം സ്റ്റാര്‍ സിംഗര്‍ സീസണിന്റെ സമയത്തായിരുന്നു നടന്നത്. പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി ദുര്‍ഗ പാടിയത്.